846 കായികതാരങ്ങൾക്ക് സർക്കാർ ഇതുവരെ ജോലി നൽകി: മന്ത്രി വി അബ്ദുറഹിമാൻ

v abdurahiman
വെബ് ഡെസ്ക്

Published on Sep 22, 2025, 04:07 PM | 1 min read

കോഴിക്കോട്: രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 846 കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകിയെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ദേശീയ ചാമ്പ്യൻഷിപ്പ്, ഒളിമ്പിക്‌സ് തുടങ്ങിയവയിൽ വിജയികളായ എല്ലാവർക്കും ജോലി നൽകാൻ സാധിച്ചു. 240ഓളം കായിക താരങ്ങൾക്ക് പുതുതായി ജോലി നൽകാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സർക്കാർ സർവീസിൽ ഇത്തരത്തിൽ കായിക താരങ്ങൾക്ക് ജോലി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


വിവിധ പ്രദേശങ്ങളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിർമിക്കുന്നതിന് 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സർക്കാർ നടത്തിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള 1200 കോടിയിൽ 700 കോടിയോളം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടുകൾ, തദ്ദേശ വകുപ്പുകളുടെ ഫണ്ടുകൾ എന്നിവയെല്ലാം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനായിട്ടുണ്ട്. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലൂടെ 267 പഞ്ചായത്തുകളിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിൽ 67 എണ്ണം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു കായിക പരിശീലകനെ നൽകാനുള്ള നടപടികളിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്. ലഭ്യമായിട്ടുള്ള ഓരോ കളിക്കളങ്ങളിലും കായിക പരിശീലനം ഉറപ്പുവരുത്താൻ സാധിക്കും. ഇതിലൂടെ യുവാക്കളിലെ ലഹരി ഉപയോഗം കുറക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


കായിക വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും ലിന്റോ ജോസഫ് എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചെലവിലാണ് ചെറുവാടിയിൽ സ്റ്റേഡിയം നിർമിക്കുന്നത്. ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home