കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണങ്ങൾ കവർന്നു; ജീവനക്കാരൻ അറസ്റ്റിൽ

സുനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ
വടകര: കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ചോറോട് കുരിയാടി സ്വദേശി സുനിൽനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി ബുക്ക് സ്റ്റാൾ കടയിലാണ് മോഷണം നടന്നത്. കടയുടമ ഗീത രാജേന്ദ്രൻ ലോക്കറിൽ വയ്ക്കുന്നതിനായി കടയിൽ സൂക്ഷിച്ച സ്വർണാഭരണമാണ് മോഷണം പോയത്.
വിവാഹആവശ്യത്തിനായി ലോക്കറിൽ നിന്നും എടുത്ത സ്വർണം വീണ്ടും ലോക്കറിൽ വെയ്ക്കുന്നതിന് മുമ്പ് വീട്ടിൽ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതി കടയിൽ സൂക്ഷിക്കുകയായിരുന്നു. അപ്പോഴാണ് മോഷണം ഉണ്ടായത്. സംഭവത്തിൽ കടയുടമ ഗീത രാജേന്ദ്രൻ വടകര പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കടയിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിൽ സ്വർണം സൂക്ഷിച്ചത് സുനിലിന് അറിയാമായിരുന്നു. തിങ്കളാഴ്ചയാണ് സ്വർണം നഷ്ടപെട്ടത് കട ഉടമക്ക് മനസിലായത്.
സ്വർണം നഷ്ടമായതോടെ ഇയാളെ ചോദ്യം ചെയ്യുകയും സ്വർണം മോഷ്ടിച്ചതായി കട ഉടമയോട് സമ്മതിക്കുകയും ചെയ്തിരുന്നു. സ്വർണം വില്പന നടത്തിയെന്നും പണം 2 മാസത്തിനകം തിരിച്ച് നൽകാമെന്ന് ഉടമയോട് പറയുകയായിരുന്നു. പതിവ് പോലെ കടയിലെത്തിയ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments