ഗോകുലം ഗോപാലനെ ‘ഫെമ’യിൽ കുടുക്കി ഇഡി

കൊച്ചി/ കോഴിക്കോട് : മൂന്നുവർഷം മുമ്പ് രജിസ്‌റ്റർ ചെയ്തതെന്ന് പറയുന്ന കേസിൽ, ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) ലംഘനത്തിൽ കുടുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് ഇഡി പറയുന്നതെങ്കിലും മിന്നൽ റെയ്‌ഡ് നടത്തിയതും മണിക്കൂറുകൾ ഗോപാലനെ ചോദ്യംചെയ്തതും ഉടനടിയുള്ള പ്രതികാര നടപടിയാണെന്ന് വ്യക്തം. വെള്ളി പകൽ 11.30ന് ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം ചിറ്റ്സിന്റെ ചെന്നൈ കോടമ്പാക്കത്തെ കോർപറേറ്റ് ഓഫീസ്, ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വീട് എന്നിവിടങ്ങളിലായി ആരംഭിച്ച റെയ്ഡ് ശനിയാഴ്ചയും തുടർന്നു.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി നിയമവിരുദ്ധമായി പ്രവാസികളിൽനിന്ന് 592.5 കോടി രൂപ സമാഹരിച്ചെന്നാണ് ഇഡി വാർത്താക്കുറിപ്പിൽ പറയുന്നത്. ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നും പ്രവാസികൾക്ക് തുക പണമായി തിരികെ നൽകിയത് ഫെമ ചട്ടലംഘനമാണെന്നും പറയുന്നു. പരിശോധനയിൽ 1.50 കോടി രൂപ പിടിച്ചെടുത്തതായും വാർത്താക്കുറിപ്പിലുണ്ട്.









0 comments