ആഗോള നിക്ഷേപക ഉച്ചകോടി; താൽപ്പര്യപത്രങ്ങൾ യാഥാർഥ്യമാക്കാൻ റൂട്ട് മാപ്പ്

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ ലഭിച്ച നിക്ഷേപ വാഗ്‌ദാനങ്ങളെ നിക്ഷേപമാക്കി മാറ്റുന്നതിനുള്ള റൂട്ട് മാപ്പിന് വ്യവസായ വകുപ്പ് രൂപംനൽകി. 50 കോടിക്ക് താഴെയുള്ള സംരംഭ വാഗ്‌ദാനങ്ങൾ വ്യവസായ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് സൂക്ഷ്‌മ പരിശോധന നടത്തും. 50 കോടിക്ക് മുകളിലുള്ളവയുടെ നോഡൽ ഓഫീസറായി കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടറർ പ്രവർത്തിക്കും.
ഇവയെ ഏഴു മേഖലകളാക്കി തിരിക്കും. ഏഴു മേഖലകളിൽ മാനേജർമാർക്കു കീഴിൽ പദ്ധതി നടപ്പാക്കുന്നതിനായി ഏഴ് ഗ്രൂപ്പുകൾ രൂപീകരിക്കും. ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാൻ കഴിയാവുന്ന വിധത്തിൽ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേക ഡാഷ്ബോർഡ് ഉണ്ടായിരിക്കും. ഇതിൽ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്കും ലഭ്യമാക്കും. പദ്ധതികളുമായി ബന്ധപ്പെട്ട അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ സെക്രട്ടറിതല കമ്മിറ്റി ഉണ്ടാകും.
ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാക്കി. വ്യവസായിക ആവശ്യങ്ങൾക്ക് നൽകാൻ കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അത്തരം ഭൂമിയുടെ വിവരങ്ങൾകൂടി ആപ്പിൽ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികൾക്ക് ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാം. കിൻഫ്ര, കെഎസ്ഐഡിസി, സർക്കാർ എസ്റ്റേറ്റുകൾ, സർക്കാർ അംഗീകൃത സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയുടെ വിവരങ്ങൾകൂടി ആപ്പിൽ ലഭ്യമാക്കും.
സ്വകാര്യ വ്യവസായ പാർക്കുകളുടെയും ക്യാമ്പസ് വ്യവസായ പാർക്കുകളുടെയും ഭൂമി ലഭ്യതയും ഈ ആപ്പിൽ ലഭ്യമാക്കും. പ്രായോഗികമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിലയിരുത്തും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തുന്നതിനു പുറമെ വ്യവസായ മന്ത്രിയുടെ ഓഫീസിലും എല്ലാമാസവും പുരോഗതി വിലയിരുത്തും. ഉച്ചകോടിയിൽ 1,52,905 കോടിയുടെ നിക്ഷേപതാൽപര്യമാണ് ലഭിച്ചത്. ലഭിച്ച താൽപ്പര്യപത്രങ്ങളുടെ വിലയിരുത്തൽ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. ഉടൻ ആരംഭിക്കാൻ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളിൽ ആരംഭിക്കാൻ സാധിക്കുന്നത് എന്നിങ്ങനെ താൽപര്യപത്രങ്ങളെ തരംതിരിക്കും.









0 comments