ആഗോള അയ്യപ്പസംഗമം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദം, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ്, അനു ജോർജ്, ടൂറിസം, സാംസ്കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ പി സുനിൽകുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.
ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വിശ്വാസീസംഗമമായിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഗോള അയ്യപ്പസംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്‌തംബർ 20ന് പമ്പാതീരത്താണ് അയ്യപ്പസംഗമം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മുഖ്യതിഥിയായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കുക. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്.









0 comments