മൂഴിക്കുളത്തിന്റെ കാത്തിരിപ്പിന് കണ്ണീരുപ്പ്
കാത്തിരിപ്പ് വിഫലം ; കല്യാണിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി
എട്ടുമണിക്കൂറിലേറെ നീണ്ട കാത്തിരിപ്പുകൾ വിഫലമാക്കി മൂന്നുവയസുകാരിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽനിന്ന് കണ്ടെത്തി. പുത്തൻകുരിശ് മറ്റക്കുഴി കീഴ്‌പ്പിള്ളി സുഭാഷിന്റെ മകൾ കല്യാണിയാണ് മരിച്ചത്. ആലുവയിൽനിന്നുള്ള സ്‌കൂബാ ഡൈവിങ് സംഘം ചൊവ്വ പുലർച്ചെ രണ്ടേകാലോടെയാണ് മൂഴിക്കുളം പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പുഴയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ പുഴയിലെറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെങ്ങമനാട് പൊലീസിന്റെ കസ്‌റ്റഡിയിലുള്ള ഇവർക്ക് മാനസികബുദ്ധിമുട്ടുകൾ ഉള്ളതായി സൂചനയുണ്ട്.
അമ്മയ്‌ക്കൊപ്പം യാത്രചെയ്യവേ കല്യാണിയെ കാണാതായെന്ന വാർത്ത തിങ്കൾ വൈകിട്ട് ഏഴരയോടെ പുറത്തുവന്നതുമുതൽ നാടുമുഴുവൻ തിരച്ചിലിലായിരുന്നു. സുഭാഷിന്റെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തതിനു പിന്നാലെ ജില്ലയിലും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് തിങ്കൾ പകൽ 3.30ന് കല്യാണിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു അമ്മ. ആലുവ വരെ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്ന് അമ്മ ആദ്യം പൊലീസിന് മൊഴി നൽകി.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ മൂഴിക്കുളം പാലത്തിൽനിന്ന് എറിഞ്ഞതായി ഇവർ പറഞ്ഞു. മൂഴിക്കുളം പാലത്തിന്റെ ഭാഗത്തേക്ക് അമ്മയും കുട്ടിയും പോകുന്നതും തിരിച്ച് അമ്മ മാത്രം വരുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതോടെ ഇവിടേയ്‌ക്ക് തിരച്ചിൽ കേന്ദ്രീകരിച്ചു. കനത്ത മഴയിലും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരിച്ചിലിനിറങ്ങി.

മൂഴിക്കുളത്തിന്റെ കാത്തിരിപ്പിന് കണ്ണീരുപ്പ്
മൂന്നുവയസ്സുകാരി കല്യാണിയെ മൂഴിക്കുളം പാലത്തിനു സമീപം അമ്മ ഉപേക്ഷിച്ചതാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ ഒരുനാടുമുഴുവൻ തിരച്ചിലിനിറങ്ങി. കുട്ടിക്ക് ആപത്തൊന്നും പറ്റിക്കാണില്ലെന്ന വിശ്വാസത്തിൽ കോരിച്ചൊരിയുന്ന മഴയെ വകവയ്‌ക്കാതെ ടോർച്ചുകളും വഞ്ചികളുമായി കരയിലും പുഴയിലും അന്വേഷണത്തിലായിരുന്നു നാട്ടുകാർ. പുഴയുടെ ആഴവും ഒഴുക്കും നന്നായറിയുന്ന നാട്ടുകാർ പൊലീസും അഗ്നിരക്ഷാസേനയുമായി അക്കാര്യങ്ങൾ പങ്കുവച്ചു. പാലത്തിനരികിലെ കുറ്റിക്കാടുകളിലും പരിസരത്തുമെല്ലാം അവർ കല്യാണിയെ തിരഞ്ഞു. ഒടുവിൽ ആലുവയിൽനിന്നെത്തിയ സ്‌കൂബാ ഡൈവിങ് സംഘം പുലർച്ചെ രണ്ടേകാലോടെ പാലത്തിനു പടിഞ്ഞാറുഭാഗത്തുനിന്ന് കല്യാണിയുടെ ചേതനയറ്റ ശരീരം മുങ്ങിയെടുത്തതു കണ്ടപ്പോൾ പലർക്കും വിതുമ്പലടക്കാനായില്ല.
അമ്മയും കല്യാണിയും മൂഴിക്കുളത്തു വന്നിറങ്ങിയ വിവരം സ്വകാര്യ ബസ് ജീവനക്കാരും അമ്മ ഓട്ടോറിക്ഷയിൽ കയറുമ്പോൾ കല്യാണി ഒപ്പമുണ്ടായിരുന്നില്ലെന്ന് ഓട്ടോഡ്രൈവറും സ്ഥിരീകരിച്ചതോടെയാണ് വ്യാപക തിരച്ചിൽ മൂഴിക്കുളത്തേക്ക് കേന്ദ്രീകരിച്ചത്. ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷ് എത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.









0 comments