കിഫ്‌ബി വഴി 973 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് 2565 കോടി രൂപ
നക്ഷത്രഹോട്ടലുകളെ വെല്ലും ഈ വിദ്യാലയങ്ങൾ ; പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപ

തിരുവനന്തപുരം : അത്യാധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ, ടൈൽവിരിച്ച മുറ്റം, എസി മുറികൾ, ലിഫ്‌റ്റ്... നക്ഷത്രഹോട്ടലിന്റെ വിശേഷങ്ങളല്ല, എൽഡിഎഫ് സർക്കാരിന്റെ കരുതലിൽ ഒമ്പതു വർഷത്തിനിടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ എങ്ങനെ മാറിയെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 5,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. കിഫ്‌ബി വഴി 973 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് 2,565 കോടി രൂപ അനുവദിച്ചു. 141 സ്‌കൂളിന് അഞ്ചു കോടി വീതവും 386 സ്‌കൂളിന് മൂന്നുകോടി വീതവും 446 സ്‌കൂളിനു ഒരുകോടി വീതവുമാണ് അനുവദിച്ചത്. ഇതിൽ 518 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ ഫിഷറീസ് വകുപ്പിലൂടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന 57 സ്‌കൂളുകൾക്ക് 66 കോടി രൂപ ലഭ്യമാക്കി. ഇതിൽ 47 സ്‌കൂളുകളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കി.
സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഹൈടെക് ആക്കുന്നതിന് 682.06 കോടി രൂപ ചെലവഴിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഫാക്ട് ചെക്കിങ്, റോബോട്ടിക്‌സ് തുടങ്ങിയ നവീന മേഖലകൾ വരെ ഐസിടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി. 16,027 സ്‌കൂളുകളിൽ 3.74 ലക്ഷം ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്‌തു. 4,752 സെക്കൻഡറി, -ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 45,000 ക്ലാസ്‌മുറികൾ ഹൈടെക് ആക്കി. 11,275 പ്രൈമറി വിഭാഗം സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതി നടപ്പാക്കി.
രണ്ടുഘട്ടങ്ങളിലായി ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ പാഠപുസ്‌തകവും പരിഷ്‌കരിച്ചു. 2025–-26 അധ്യയന വർഷത്തെ പാഠപുസ്‌തകങ്ങളും യൂണിഫോമും സ്‌കൂൾ തുറക്കും മുമ്പേ കുട്ടികളുടെ കൈകളിലെത്തും. സ്‌കൂൾ ഹെൽത്ത്‌കാർഡ് പദ്ധതി അന്തിമഘട്ടത്തിലാണ്. രാജ്യത്ത് ആദ്യമായി ഒളിമ്പിക്‌സ് മാതൃകയിൽ സ്‌കൂൾ കായികമേള സംഘടിപ്പിച്ചു. സ്‌കൂൾ കലോത്സവ മാനുവൽ പരിഷ്‌കരിക്കുകയും അഞ്ചു തദ്ദേശീയ കലാരൂപങ്ങൾ മത്സര ഇനമായി ഉൾപ്പെടുത്തുകയും ചെയ്‌തു. വരുന്ന അധ്യയന വർഷം മുതൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും.









0 comments