ആറുലക്ഷത്തോളം 
കുടുംബങ്ങൾക്ക്‌ 
സൗജന്യ ഓണക്കിറ്റ്‌ , റേഷൻ കാർഡ് മരവിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധം

ഓണത്തിന് മുമ്പ് 43,000 മുന്‍ഗണനാ കാര്‍ഡുകള്‍ : ജി ആർ അനിൽ

g r anil ration supply
വെബ് ഡെസ്ക്

Published on Aug 01, 2025, 12:46 AM | 3 min read


തിരുവനന്തപുരം

സംസ്ഥാനത്ത് അർഹരായ 43,000 കുടുംബങ്ങൾക്കുകൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പുതിയ മുൻഗണനാ കാർഡിനായി സെപ്തംബർ 16 മുതൽ ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ഓണത്തിന് റേഷൻകടകൾ വഴി വെള്ള കാർഡുകാർക്ക് പതിനഞ്ച് കിലോ സ്പെഷ്യൽ അരി 10.90 രൂപ നിരക്കിൽ ലഭിക്കും.


പത്ത് കിലോ ചമ്പാവരിയോ അഞ്ച് കിലോ പുഴുക്കലരിയോ വാങ്ങാം. പിങ്ക് കാർഡിന് നിലവിലുള്ള സൗജന്യ അരിവിഹിതത്തിനുപുറമെ അഞ്ച് കിലോഗ്രാം അരിയും നീല കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോ അരിയും ലഭ്യമാക്കും.

വെള്ള കാർഡിന് ആകെ 15 കിലോഗ്രാം ലഭ്യമാക്കും. ചുവപ്പ് കാർഡുകാർക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിക്കു പുറമെ അഞ്ച് കിലോ കൂടി ലഭിക്കും.


മഞ്ഞ കാർഡുകാർക്ക് ഒരുകിലോ പഞ്ചസാരയും എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതവുമുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എഎഐ കാർഡുകൾക്ക് രണ്ട് ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും ലഭ്യമാക്കും.


ആറുലക്ഷത്തോളം 
കുടുംബങ്ങൾക്ക്‌ 
സൗജന്യ ഓണക്കിറ്റ്‌

എഐവൈ കാർഡുകാരായ ആറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി സൗജന്യ ഓണക്കിറ്റ്‌ നൽകും.


18 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് വിതരണം. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട കിറ്റാണ് നൽകുക. സപ്ലൈകോ വഴി കാർഡൊന്നിന് രണ്ട് കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി നല്കും.


നിലവിൽ കാർഡൊന്നിന്ന് എട്ട് കിലോ ഗ്രാം അരി 29 രൂപയ്ക്ക് സബ്സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.


15 മുതൽ 
349 രൂപയ്‌ക്ക്‌ 
വെളിച്ചെണ്ണ

സപ്ലൈകോ മിതമായവിലയ്‌ക്ക്‌ സബ്‌സിഡിയോടെ വെളിച്ചെണ്ണ ലഭ്യമാക്കും. എല്ലാ സപ്ലൈകോ വിൽപനശാലകളിലും 15 മുതൽ ലിറ്ററിന്‌ 349 രൂപയ്‌ക്കും അരലിറ്ററിന് 179 രൂപയ്‌ക്കും ശബരി ബ്രാൻഡ്‌ വെളിച്ചെണ്ണ നൽകും. സബ്സിഡിഇതര വെളിച്ചെണ്ണ ലിറ്ററിന്‌ 429 രൂപയ്‌ക്കും അരലിറ്ററിന് 219 രൂപയ്‌ക്കും നൽകുമെന്നും മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മറ്റ്‌ ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയേക്കാൾ കുറഞ്ഞ വിലയ്‌ക്ക്‌ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. സൺഫ്ലവർ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവയും ആവശ്യാനുസരണം ലഭ്യമാക്കും. പൊതുവിപണിയില്‍ വെളിച്ചെണ്ണ വില കുറയുന്നതനുസരിച്ച്‌ സപ്ലൈകോ വീണ്ടും വില കുറയ്‌ക്കും. കേരഫെഡുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു


വൻപയർ, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെയും വില കുറച്ചു. വൻപയറിന് 75ൽനിന്ന്‌ 70 രൂപയായും തുവരപരിപ്പിന് 105ൽനിന്ന് 93 രൂപയുമായാണ് കുറച്ചത്. സബ്സിഡിയുള്ള മുളകിന്റെ അളവ് അരക്കിലോയിൽനിന്ന്‌ ഒരു കിലോയാക്കും. കിലോയ്‌ക്ക്‌ 115.5 രൂപയും അരക്കിലോയ്‌ക്ക്‌ 57.50 രൂപയുമാണ്.


ഓണം സപ്ലൈകോ മെ​ഗാ ഫെയര്‍ 25 മുതല്‍ ; സമൃദ്ധി കിറ്റ് മുതൽ 
സ്വർണനാണയംവരെ

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ജില്ലാ കേന്ദ്രങ്ങളിൽ‌ 10 ദിവസത്തെ മെഗാ ഫെയറും നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസത്തെ ഫെയറും സംഘടിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. 25ന് സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 26, 27 തീയതികളിലായി ജില്ലാ കേന്ദ്രങ്ങളിലെ ഫെയർ തുടങ്ങും. സെപ്‌തംബർ നാലുവരെയുണ്ട്‌. നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്തംബർ നാല് വരെയാണ്. സഞ്ചരിക്കുന്ന മാവേലിസ്റ്റോർ എല്ലായിടത്തുമെത്തും.


സ്‌പെഷ്യൽ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 18 ഇനം അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനികിറ്റ് 500 രൂപയ്ക്കും, ഒമ്പത് ഇനങ്ങളുടെ 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും നൽകും. 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും തയ്യാറാക്കിയിട്ടുണ്ട്.


സപ്ലൈകോയിൽ നിന്ന് ഓണക്കാലത്ത് 2500 രൂപയിലധികം സബ്സിഡിയിതര സാധനം വാങ്ങുന്നവർക്കായി ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണനാണയമടക്കമാണ്‌ സമ്മാനം. നറുക്കെടുപ്പുകൾ ദിവസേന നടത്തും. 32 കമ്പനികളുടെ 288 ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറും 10 മുതൽ 50 ശതമാനം വരെ വിലക്കുറവുമുണ്ടാകും.

സപ്ലൈകോയുടെ മൂന്ന് പ്രധാന ഔട്ട്‌ലെറ്റുകൾ സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട് ലെറ്റുകളാക്കും. തലശേരി, കോട്ടയം, എറണാകുളം ഹൈപ്പർമാർക്കാണ്‌ നവീകരിക്കുന്നത്‌.


ശബരി ബ്രാൻഡിൽ അഞ്ച് പുതിയ ഉൽപ്പന്നം

സേമിയ, പാലട പായസം മിക്സ് (200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട വടിയരി, മട്ട ഉണ്ടയരി എന്നിവയാണ് പുതിയ ഉൽപ്പന്നം. ശബരി പുട്ടുപൊടി, അപ്പപ്പൊടി എന്നിവയും പുറത്തിറക്കും. പുതിയ ഉൽപ്പന്നങ്ങൾ18ന് സപ്ലൈകോ ഹെഡ് ക്വാർട്ടേഴ്സിൽ വിപണിയിലിറക്കും.




deshabhimani section

Related News

View More
0 comments
Sort by

Home