അടുത്തവർഷം മുതൽ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി
സംഭരിച്ച നെല്ലിന്റെ വിലയിൽ കുടിശ്ശികയില്ല: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ താങ്ങുവിലയിൽ കുടിശ്ശികയില്ലെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രസർക്കാരിൽനിന്ന് 1206 കോടി രൂപ കിട്ടാനുള്ളപ്പോഴാണിത്. 2024–-25ൽ 2,071,43 കർഷകരിൽനിന്നായി 5.80 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 1645.07 കോടിയില്‍ 1574.57 കോടിയും ശനിയാഴ്ചവരെ 1,96,913 കര്‍ഷകര്‍ക്കായി വിതരണംചെയ്തു. 10,230 കര്‍ഷകര്‍ക്കായുള്ള 70.5 കോടി രൂപ ബാങ്കുകൾക്ക് കൈമാറിയതായും നിയമസഭയിൽ സി സി മുകുന്ദന്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
അടുത്ത സംഭരണ വര്‍ഷംമുതല്‍ നെല്ലെടുത്താല്‍ ഉടന്‍ വില നൽകുന്നതിന് കേരളാ ബാങ്കുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെപ്‌തംബര്‍ 16ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 2025–-26 വർഷത്തെ പ്രോത്സാഹന ബോണസ് ഇനത്തിൽ കര്‍ഷകര്‍ക്ക് സംസ്ഥാന സർക്കാർ ബജറ്റില്‍ വകയിരുത്തിയ തുക മുന്‍കൂറായി ഉള്‍പ്പെടെ അനുവദിച്ചതിനാലാണ് സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാനായത്.
2017–18 മുതൽ 2024–-25 വരെ നെല്ല് സംഭരിച്ചതിന്റെ 1206 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിട്ടുണ്ട്. കണക്കുകൾ യഥാസമയം കൊടുത്തിട്ടില്ലെന്ന പ്രചാരണം ശരിയല്ല. എല്ലാ കണക്കും നൽകി. 2019–-20 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്യായ വ്യവസ്ഥകളും നിഷ്‌കർഷകളും ഉന്നയിച്ചാണ് കേന്ദ്രം പണം തരാതിരിക്കുന്നത്. പിആര്‍എസ് വായ്പകള്‍ തിരിച്ചടവാക്കാന്‍ സപ്ലൈകോ പ്രയാസപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.









0 comments