നടുക്കം മാറാതെ നാട്; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്റെ സംസ്കാരം നടത്തി

ഐവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന അമ്മ റോസ്‌മേരിയും സഹോദരി അലീന ജിജോയും ഫോട്ടോ: വി കെ അഭിജിത്
അങ്കമാലി: വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യുടെ സംസ്കാരം നടത്തി. തുറവൂർ സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഐവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്.
കൊച്ചി വിമാനത്താവളത്തിനു സമീപം നായത്തോടാണ് ബുധൻ രാത്രി പത്തോടെ നാടിനെ നടുക്കിയ ക്രൂരത.സംഭവത്തിൽ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്‌തു. ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്.
നെടുമ്പാശേരിയിലെ കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് എന്ന കാറ്ററിങ് സ്ഥാപനത്തിലെ ഷെഫാണ് ഐവിൻ. ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടിൽനിന്ന് കാറിൽ പോവുകയായിരുന്നു. നായത്തോട് തോമ്പ്ര റോഡിൽ ഐവിന്റെയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെയും കാറുകൾ തമ്മിൽ ഉരസി. ഇതേച്ചൊല്ലി തർക്കമുണ്ടായി. സിഐഎസ്‌എഫുകാർ ഇതിനിടെ കാർ മുന്നോട്ടെടുത്തു. വിനയകുമാർ ദാസാണ് കാറോടിച്ചിരുന്നത്. വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന ഐവിനെ ഇടിച്ച് തെറിപ്പിച്ചു.
ബോണറ്റിലേക്ക് വീണ ഐവിനുമായി അമിതവേഗത്തിൽ ഒരുകിലോമീറ്റർ സഞ്ചരിച്ചു. നിലവിളിച്ചെങ്കിലും കാർ നിർത്തിയില്ല. സംഭവം കണ്ട ചിലർ കാറിനെ പിന്തുടർന്നു. ഇതോടെ സെന്റ് ജോൺസ് യാക്കോബായ ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയ്‌ക്കുമിടയിൽ കാർ പെട്ടെന്ന് നിർത്തിയപ്പോൾ റോഡിലേക്ക് ഐവിൻ വീണു. കാർ ഐവിന്റെ ദേഹത്തുകൂടി കയറ്റി. അടിയിൽ കുടുങ്ങിയ ഐവിനെ 20 മീറ്റർ വലിച്ചിഴച്ചു.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഐവിൻ മരിച്ചു. കാറിന് വെളിയിൽ റോഡിൽ വീണനിലയിൽ കണ്ടെത്തിയ വിനയകുമാറിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട മോഹൻകുമാറിനെ പിന്നീട് സിഐഎസ്‌എഫ് ഓഫീസിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
സംഭവത്തിന്റെ ദൃശ്യങ്ങളും നടുക്കുന്നതായിരുന്നു. ഇടിച്ചുവീഴ്‌ത്തിയശേഷം ബോണറ്റിൽ ഐവിനുമായി അതിവേഗം കാർ കുതിക്കുന്നതും പിന്നീട് യുവാവ് ദേഹമാസകലം ചോരയിൽ കിടക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. പ്രദേശത്തെ സിസിടിവിയിൽനിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സിഐഎസ്‌എഫുകാരുമായുള്ള തർക്കം ഐവിൻ സ്വന്തം മൊബൈൽഫോണിൽ പകർത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ചത്.









0 comments