കുട്ടിക്കാലത്ത്‌ കളിയാക്കിയതിലുള്ള പക: യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സുഹൃത്തുക്കൾ പിടിയിൽ

alappuzha youth murder accused

യദുകുമാർ, ഹരികൃഷ്ണൻ

വെബ് ഡെസ്ക്

Published on Jun 10, 2025, 10:28 PM | 2 min read

മങ്കൊമ്പ് : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആലപ്പുഴ കാവാലം സ്വദേശിയായ യുവാവ്‌ മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളെ പൊലീസ്‌ അറസ്റ്റുചെയ്‌തു. കാവാലം പഞ്ചായത്ത് 13ാം വാര്‍ഡിൽ മണ്ണുശ്ശേരി വീട്ടിൽ സലീലാനന്ദൻ മകൻ സുരേഷ്കുമാർ (അപ്പു സുരേഷ്- 30) മരിച്ച സംഭവത്തിലാണ്‌ രണ്ട്‌ മാസത്തിന്‌ ശേഷം അയൽവാസികളായ കാവാലം കുന്നുമ്മ 13ാം വാര്‍ഡിൽ യദുകുമാർ (23), കുന്നുമ്മ കൈനിലം വീട്ടിൽ ഹരികൃഷ്ണൻ (22) എന്നിവർ പിടിയിലായത്‌. രാമങ്കരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയി പ്രതികളെ റിമാൻഡ്‌ചെയ്തു.


രണ്ടിന്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയൽ ചികിത്സയിലിരിക്കെയാണ് സുരേഷ്കുമാർ മരിച്ചത്‌. മർദ്ദനമേറ്റ വിവരം സുരേഷ് ആരോടും പറഞ്ഞിരുന്നില്ല. തലയ്‌ക്കേറ്റ ചതവ്‌ ഒന്നരമാസത്തിനിടെ അണുബാധയായിരുന്നു. ചെവിയിൽനിന്ന്‌ പഴുപ്പ്‌ പുറത്തുവന്നതോടെയാണ്‌ ചികിത്സതേടിയത്‌. എന്നാൽ ബൈക്ക്‌ മരത്തിലിടിച്ച്‌ പരിക്കേറ്റതാണ്‌ എന്നാണ്‌ വീട്ടുകാരോടും ആശുപത്രിയിലും പറഞ്ഞിരുന്നത്‌. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സതേടിയെങ്കിലും മരിച്ചു. മരണശേഷം സുഹൃത്താണ്‌ ഒന്നരമാസം മുമ്പ്‌ അയൽവാസികൾ സുരേഷ്കുമാറിനെ മർദിച്ച കാര്യം വീട്ടുകാരെ അറിയിക്കുന്നത്‌. തുടർന്ന്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.


പുളിങ്കുന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തുനടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ്‌ പ്രതികളെ കുടുക്കിയത്‌. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതികളുടെ ചെറുപ്പകാലം മുതൽ അയൽവാസിയായിരുന്ന സുരേഷ്കുമാർ കളിയാക്കുമായിരുന്നു. കൂട്ടുകൂടി ക്യാരംസ് കളിക്കുന്ന സമയങ്ങളിൽ ചീത്ത വിളിച്ചതും വഴിയിൽ വെച്ച് നിരന്തരം കളിയാക്കിയതും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതുമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. ഏപ്രിൽ 20ന്‌ കാവാലം കാട്ടിൽഷാപ്പിൽവെച്ച്‌ യദുകുമാറും ഹരികൃഷ്ണനും വാങ്ങിയ കള്ള്‌ സുരേഷ്കുമാർ എടുത്തകുടിച്ചതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമായി. രാത്രി 10.30ഓടെ പ്രതികൾ മദ്യപിക്കാനെന്ന വ്യാജേന സുരേഷ്കുമാറിനെ വീട്ടിൽനിന്നു വിളിച്ചിറക്കി മർദിക്കുകയായിരുന്നു. അർധബോധാവസ്ഥയിലായിട്ടും മർദനം തുടർന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പുളിങ്കുന്ന് പൊലീസ് ഇൻസ്പെക്ടർ കെ ബി ആനന്ദബാബു, സബ് ഇൻസ്പെക്ടർ കെ യു ബിനു, എഎസ്ഐ സജിത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുരാജ്, കെ ജെ സനീഷ്, ദിനു വർഗീസ്, ജീമോൻ ജാൻസി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home