ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടത്തിൽ: എൻ റാം

N Ram
avatar
സ്വന്തം ലേഖകൻ

Published on Feb 16, 2025, 12:36 AM | 1 min read

കൊല്ലം: ഇന്ത്യയിൽ 2014 മുതൽ 20 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നും കൊലയാളികൾ ശിക്ഷയിൽനിന്ന്‌ അനായാസം രക്ഷപ്പെടുകയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ’ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോക മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ 159–--ാംസ്ഥാനത്തെന്നാണ്‌ റിപ്പോർട്ടേഴ്‌സ് വിത്ത്‌ഔട്ട്‌ ബോഡേഴ്സ് റിപ്പോർട്ടിലുള്ളത്‌. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായം പറയുന്നതിനുമുള്ള നിയമം പുസ്തകത്തിൽ മാത്രമായി ചുരുങ്ങിയതാണ്‌ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ.


ആസൂത്രിത നീക്കത്തിലാണ്‌ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതെന്ന്‌ ന്യൂയോർക്ക് ആസ്ഥാനമായ കമ്മിറ്റി ടു പ്രൊട്ടക്ട്‌ ജേണലിസ്റ്റ്സ് പഠനത്തിലുണ്ട്‌. ന്യൂസ്‌ക്ലിക്കിനെയും സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്തയെയും ഡൽഹി പൊലീസും അധികാരികളും വേട്ടയാടിയത്‌ രാജ്യം കണ്ടതാണ്‌. ലാപ്‌ടോപ്പും ഫോണുകളും പിടിച്ചെടുത്തു. സ്ഥാപനവുമായി സഹകരിക്കുന്നവരുടെ വീടുകളിൽ ഉൾപ്പെടെ റെയിഡ്‌ നടത്തി. ജമ്മു കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അവസാനിച്ച നിലയാണ്‌. മുഖ്യധാരാ മാധ്യമങ്ങളെ ഓരോന്നായി കോർപറേറ്റുകൾ വാങ്ങി. ‘മിസ് ഇൻഫർമേഷൻ’ മനഃപൂർവമല്ലാതെ സംഭവിച്ചു പോകുന്ന തെറ്റാണ്‌. എന്നാൽ, ‘ഡിസ് ഇൻഫർമേഷൻ’ കരുതിക്കൂട്ടി വ്യക്തമായ അജൻഡയോടെ ചെയ്യുന്നതാണ്. ഗൗരവപൂർണമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സെമിനാറുകൾ ഇത്രയും വിപുലമായ രീതിയിൽ മറ്റെവിടെയും കാണാനാകില്ലെന്നും- റാം പറഞ്ഞു.


സിപിഐ എം പൊളിറ്റ്ബ്യുറോ അംഗം എം എ ബേബി വിഷയം അവതരിപ്പിച്ചു. വി ബി പരമേശ്വരൻ (ദേശാഭിമാനി), മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോസ് പനച്ചിപ്പുറം (മലയാള മനോരമ), വി എസ് രാജേഷ് (കേരള കൗമുദി), ജി സജിത്കുമാർ (മാതൃഭൂമി), പി ഐ നൗഷാദ് ​(മാധ്യമം) എന്നിവർ സംസാരിച്ചു. സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി ബെയ്സിലാൽ സ്വാഗതവും സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home