കെല്‍ട്രോണിന്റെ ലക്ഷ്യം 2000 കോടി വിറ്റുവരവ്‌: മന്ത്രി പി രാജീവ്

print edition അരൂർ കെൽട്രോണിൽ 
ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയ്ക്ക്‌ കല്ലിട്ടു

Foundation Stone Laying aroor keltron
വെബ് ഡെസ്ക്

Published on Oct 26, 2025, 02:40 AM | 2 min read


അരൂർ

പ്രതിരോധ വിപണിയിലേക്ക്‌ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ രൂപീകരിച്ച കെൽട്രോൺ ക്രാസ്നി ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (കെകെഡിഎസ്) കമ്പനിയുടെ ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയ്‌ക്ക്‌ കല്ലിട്ടുട്ട. അരൂർ കെൽട്രോണിൽ മന്ത്രി പി രാജീവാണ്‌ കല്ലിടൽ നിർവഹിച്ചത്‌. ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഇലക്ട്രോണിക് സംവിധാനങ്ങളുടെ നിര്‍മാണമാണ്‌ കെകെഡിഎസിലൂടെ ലക്ഷ്യമിടുന്നത്‌.


ചടങ്ങിൽ ദലീമ എംഎൽഎ അധ്യക്ഷയായി. വ്യവസായ വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ജീവൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, പഞ്ചായത്തംഗം സി കെ പുഷ്പൻ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, കെൽട്രോൺ മാനേജിങ്‌ ഡയറക്ടർ ശ്രീകുമാർ നായർ, ക്രാസ്നി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സൺ വി ജി ജയപ്രകാശൻ, ക്രാസ്നി ഡയറക്ടർ വൈസ് അഡ്മിറൽ എം എ ഹംപി ഹോളി, ബിപിടി ചെയർപേഴ്സൺ കെ അജിത് കുമാർ, കെൽട്രോൺ ചെയർപേഴ്സൺ എൻ നാരായണമൂർത്തി, കെൽട്രോൺ ക്രാസ്നി ഡിഫൻസ് ടെക്നോളജി എംഡി എം എൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.



കെല്‍ട്രോണിന്റെ ലക്ഷ്യം 2000 കോടി വിറ്റുവരവ്‌: മന്ത്രി പി രാജീവ്

വിഷൻ 2031ന്റെ ഭാഗമായി 2,000 കോടിയുടെ വിറ്റുവരവ്‌ ലക്ഷ്യമിട്ടാണ് കെൽട്രോണിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റഗ്രേഷൻ ബേയ്‌ക്ക്‌ അരൂർ കെൽട്രോണിൽ ശിലയിടുകയായിരുന്നു മന്ത്രി. പ്രതിരോധ മേഖലയിൽ കെൽട്രോൺ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. വിയറ്റ്നാമിലെ കമ്പനികള്‍ ഉൾപ്പടെയുള്ളവയുമായി സഹകരിച്ച് കെൽട്രോൺ പ്രവർത്തിക്കുന്നുണ്ട്‌.


സംസ്ഥാനത്തെ ഓരോ വീടും സംരംഭകേന്ദ്രമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഓരോ വീടിന്റെയും 50 ശതമാനം സംരംഭങ്ങൾക്കായി ലൈസൻസോടെ ഉപയോഗിക്കാനാകും. ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പൂർണമായും സംരംഭങ്ങൾക്ക് വിനിയോഗിക്കാം. വിദ്യാഭ്യാസ യോഗ്യത നേടിയ വീട്ടമ്മമാർക്ക് പരിശീലനം നൽകി ഇലക്ട്രോണിക് അസംബ്ലിങ്‌ പോലെ തൊഴിലവസരങ്ങൾ വീടുകളില്‍ ഒരുക്കുകയാണ് വിഷൻ 31ന്റെ ലക്ഷ്യം. ഇതിൽ കെൽട്രോണിന് പ്രധാന പങ്കുവഹിക്കാൻ കഴിയും.


വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന 40,000ഓളം തൊഴിലാളികൾക്ക് ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മേഖലകളിലും ഇവരെ ഉപയോഗിക്കാനാകും. 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്‌. ഇതിലൂടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുമെന്നും മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home