അധ്യാപകരുടെ പി എഫ് അക്കൗണ്ടിൽനിന്നും പണം തട്ടി; മുൻ ഹെഡ് മാസ്റ്റർക്ക് ആറ് വർഷം കഠിന തടവ്

പൈനാവ്: അധ്യാപകരുടെ പി എഫ് അക്കൗണ്ടിൽനിന്നും പണം തട്ടിയെടുത്ത മുൻ ഹെഡ് മാസ്റ്റർക്ക് ആറ് വർഷം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇടുക്കിയിലെ പൈനാവ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന സോമശേഖര പിള്ളയെയാണ് ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സോമശേഖര പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2006-2007 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അക്കാലത്ത് സോമശേഖര പിള്ള പൈനാവ് യുപി സ്കൂളിൽ ഹെഡ് മാസ്റ്റർ ആയിരുന്നു. സഹ പ്രവർത്തകരായ 8 അധ്യാപകരുടെ പി എഫ് അക്കൗണ്ടിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്. അധ്യാപകർ അറിയാതെ പണം പിൻവലിക്കുന്നതിനായി ഇവരുടെ പേരിൽ കൃത്രിമ അപേക്ഷകൾ നിർമിക്കുകയും ചെയ്തു. വ്യാജ അപേക്ഷകളിലൂടെ 5,25,346 രൂപ പിൻവലിച്ച് തട്ടിയെടുക്കുകയായിരുന്നു. 2007 ൽ വിജിലൻസ് ഇടുക്കി യുണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി.
വിവിധ കേസുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്‌ജ് (വിജിലൻസ്) എൻ വി രാജു ആണ് വിധി പ്രസ്താവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി എ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.









0 comments