ശിക്ഷാ ഇളവ് നേടിയ ശേഷം മുങ്ങി: മുൻ ഫിഷറീസ് സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

തിരുവനന്തപുരം: കോടതിയിൽ നിന്നും ശിക്ഷാ ഇളവ് നേടിയ ശേഷം മുങ്ങിയ മുൻ ഫിഷറീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അഞ്ചുതെങ്ങ് മത്സ്യഭവന്റെയും അഞ്ചുതെങ്ങ് ഫിഷറീസ് വനിതാ ബാങ്ക് സായാന ശാഖയുടെയും ചുമതല വഹിച്ചിരുന്ന ഫിഷറീസ് സബ് ഇൻസ്പെക്ടർ എസ് അനിതയെയാണ് പിടികൂടിയത്. ഇവർ 1997, 1998 കാലഘട്ടതിൽ അഞ്ചുതെങ്ങ് ഫിഷറീസ് വനിതാ ബാങ്ക് സായാന ശാഖയിൽ നിന്നും 68,555- രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തി.
2002 ൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയായ അനിതയെ വിവിധ വകുപ്പുകളിലായി നാല് വർഷം കഠിന തടവിനും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി 2009 ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ രണ്ട് വർഷം കഠിന തടവും 70,000 രൂപ പിഴയും ആക്കി ഇളവ് ചെയ്തു. ഈ ശിക്ഷ അനുഭവിക്കുന്നതിനായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.









0 comments