നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജിതം; പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി

മാനന്തവാടി: മാനന്തവാടിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന നരഭോജികടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതം. ആർആർടി സംഘങ്ങളും വിവിധ സ്‌റ്റേഷനുകളിൽനിന്നെത്തിയ സേനയുമാണ് തിരച്ചിൽ നടത്തുന്നത്. കടുവയെ വെടിവച്ച് പിടിക്കുന്നതിനുള്ള ശ്രമത്തിനൊപ്പം കൂടും വച്ചു. മൂന്ന് കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒന്ന് രാധയെ കടുവ പിടിച്ച നീർച്ചാലിനോട് ചേർന്നാണ് വച്ചിട്ടുള്ളത്. തലപ്പുഴ, വരയാൽ, ഇരുളം, പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിൽനിന്നുള്ള വനപാലകരും ആർആർടി അംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ തിരച്ചിലിനുണ്ട്. രണ്ട് ആർആർടി സംഘങ്ങൾ കൂടി ഇന്നെത്തും. തിരച്ചിലിനായി മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെയും എത്തിക്കും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയ ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും.
കടുവയുടെ സാന്നിധ്യം പ്രദേശത്തു തന്നെയുണ്ട്. പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി. കടുവയെ പ്രദേശത്തു തന്നെ നിലനിർത്തി പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്തിന്റെ നാലുഭാഗത്തും ദൗത്യസംഘം മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നുണ്ട്. കടുവയെ പിടികൂടുന്നത് വരെ ഇത് തുടരും. അതോടൊപ്പം തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്. മുപ്പത്തിയെട്ടോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറ് ലൈവ് കാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഉച്ചയോടെ കാര്യങ്ങൾ നിയന്ത്രണത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫീസർ എസ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കടുവയെ കൂട്ടിലാക്കുന്നതിനാണ് പ്രഥമ പരിഗണന. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും. കർണാടകത്തിലെ ബന്ദിപ്പൂർ മേഖലയിൽനിന്ന് കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടക്കുന്ന സാധ്യതകൾ പരിഗണിച്ച് മേഖലകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 27 വരെയാണ് നിരോധനാജ്ഞ. മാനന്തവാടി നഗരസഭയിൽ യുഡിഎഫും എസ്ഡിപിഐയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.









0 comments