കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന സംഭവം

ഫോറൻസിക് പരിശോധന തുടരുന്നു; വിദഗ്ധരടങ്ങുന്ന മെഡിക്കൽ സം​ഘം അന്വേഷിക്കും: മന്ത്രി

veena george
വെബ് ഡെസ്ക്

Published on May 03, 2025, 03:24 PM | 2 min read

കോഴിക്കോട്: കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് ചേർന്ന ഉന്നതതല യോ​ഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് മരണങ്ങളാണ് അപകട സമയത്ത് ആശുപത്രിയിലുണ്ടായത്. ഇത് സംബന്ധിച്ച് മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന മെഡിക്കൽ സം​ഘം അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.


പൊലീസ് അന്വേഷണത്തിന്റെ ഭാ​ഗമായി ആശുപത്രിയിൽ ഫോറൻസിക് പരിശോധന നടക്കുകയാണ്. അപകടമുണ്ടായ എംആർഐ മെഷീന്റെ യുപിഎസ് മുറിയിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തുന്നുണ്ട്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ പരിശോധനയും ആശുപത്രിയിൽ നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അപകടമെങ്ങനെയുണ്ടായി എന്ന് മനസിലാക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.


ഷോർട് സർക്യൂട്ടിനെ ബാറ്ററിക്കുള്ളിലെ എന്തെങ്കിലും തകരാറുകൊണ്ടോ ആയിരിക്കാം പുക പടർന്നതെന്നാണ് പിഡബ്ല്യൂഡി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് സാങ്കേതിക റിപ്പോർട്ടുകൾ ആവശ്യമാണ്. എംആർഐ മെഷീനും യുപിഎസിനും 2026 ഒക്ടോബർ വരെ വാറണ്ടിയുണ്ട്. ഫിലിപ്സിന്റെ എംആർഐ മെഷീനാണ് ആശുപത്രിയിലുള്ളത്. യുപിഎസും അനുബന്ധ ബാറ്ററികളും ആറുമാസത്തിലൊരിക്കൽ ഏജൻസി പരിശോധിക്കാറുണ്ട്. എന്നാൽ ഒരു തരത്തിലുളള തകരാറും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് ബയോമെഡിക്കൽ എൻജിനിയറും ഇതുമായി ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളിലെ ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അപകടമുണ്ടായതെന്ന് പരിശോധിക്കപ്പെടണം. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


മെഷീന് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ ഇലക്ട്രിക്കൽ വിഭാ​ഗം സ്വീകരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനും തീപിടിത്തത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പിഎംഎസ്എസ്‍വൈ ബ്ലോക്കിന്റെ താഴെയുള്ള നിലകളിലുൾപ്പെടെ സിസിടിവി ക്യാമറകളുണ്ട്. മെഡിക്കൽ കോളേജ് ഹാർഡ് ഡിസ്ക് പൊലീസിന് കൈമാറും. ഈ ദൃശ്യങ്ങളും പരിശോധിക്കും. എമർജൻസി ഡിപ്പാർട്ടുമെന്റിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററുകളും പൊലീസിന് കൈമാറി. കേസിൽ സമ​ഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.


ഇന്നലെ ആശുപത്രിയിൽ 151 രോ​ഗികളാണ് ഉണ്ടായിരുന്നത്. ഇതിൽ 114 പേർ മെഡിക്കൽ കോളേജിൽ ചികിത്സ തുടരുന്നുണ്ട്. 37 പേരാണ് മറ്റ് ആശുപത്രികളിലേക്ക് മാറിയത്. കൂടുതൽ ആളുകൾ ചികിത്സ തേടിയിരിക്കുന്നത് ജനറൽ ആശുപത്രിയിലാണ്. 12 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. സംഭവസ്ഥലത്ത് ചുമതലയുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ, സെക്യൂരിറ്റി, സർജൻ ഇൻ-ചാർജ്, പിഡബ്ല്യൂഡിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. അപകട സമയത്ത് ആശുപത്രിയിലുണ്ടായ അഞ്ച് മരണങ്ങളിൽ ഒരാൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇത് മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയാണ്. ഇതുൾപ്പെടെയുള്ള നാല് മരണങ്ങളിലും അന്വേഷണം നടത്തും. കേസ് ഷീറ്റുകൾ ഡോക്ടർമാർ പരിശോധിച്ച ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ ഇന്നലെ പ്രതികരിച്ചത്. എന്നിരുന്നാലും പരാതികളുയർന്ന സാഹചര്യത്തിൽ വസ്തുതകൾ വ്യക്തമാകണമെന്നും അന്വേഷണം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home