സന്തോഷ് ട്രോഫി മുൻതാരം പി ജെ വർഗീസ് അന്തരിച്ചു
print edition കളത്തിലെ ചാട്ടുളി ചലനങ്ങൾ ഇനി ഓർമ

പി ജെ വർഗീസും (ഇടത്തുനിന്ന് മൂന്നാമത്) എഫ്‌എസിടി ടീമംഗങ്ങളും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം (ഫയൽ ചിത്രം)
നിധിൻ രാജു
Published on Oct 22, 2025, 12:26 AM | 1 min read
കൊച്ചി
കളത്തിലെ ചാട്ടുളി ചലനങ്ങളും വിങ്ങുകളിലൂടെയുള്ള കുതിപ്പും കൊള്ളിയാൻ ഷോട്ടുകളും ബാക്കിയാക്കി സന്തോഷ് ട്രോഫി മുൻതാരം പി ജെ വർഗീസ് (81) കളമൊഴിഞ്ഞു. ആലുവയിലെ യുവാക്കളെ ഫുട്‌ബോൾ സ്വപ്‌നം കാണാൻ പഠിപ്പിച്ച വർഗീസ് പുതിയ താരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു.
1960കളിൽ കാൽപ്പന്തുകളിയിൽ ആകൃഷ്‌ടനായ വർഗീസ്, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിനുവേണ്ടിയാണ് ആദ്യമായി ബൂട്ടണിഞ്ഞത്. മാർ ബേസിൽ ട്രോഫി ഉൾപ്പെടെ ഇന്റർ സ്‌കൂൾ മീറ്റുകളിലെ മികച്ച പ്രകടനം ശ്രദ്ധേയനാക്കി. 16–ാംവയസ്സിൽ ആലുവ മുനിസിപ്പൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ താരമായി. എഫ്‌എസിടിക്കുവേണ്ടി ബൂട്ടുകെട്ടിയ കാലത്ത് ഒളിമ്പ്യൻ സൈമൺ സുന്ദർരാജിനുകീഴിൽ പരിശീലിക്കാനായത് വഴിത്തിരിവായി. ഡ്യുറൻഡ് കപ്പിലുൾപ്പെടെ പത്തുവർഷത്തിലധികം എഫ്‌എസിടിക്കുവേണ്ടി പന്തുതട്ടി. ടി കെ എസ് മണി (ക്യാപ്‌റ്റൻ മണി), ടി എ ജാഫർ, കെ പി വില്യംസ്, സി ആർ ബാലകൃഷ്‌ണൻ, ജോസ് പി അഗസ്റ്റിൻ, ജി ജോസഫ് തുടങ്ങിയ പ്രമുഖ കളിക്കാർക്കൊപ്പം കേരളത്തിനായി കളത്തിലിറങ്ങി. 1971ലാണ് സന്തോഷ് ട്രോഫി ടീമിൽ ബൂട്ടണിഞ്ഞത്.

പ്രായം തളർത്തിത്തുടങ്ങിയതോടെ ബൂട്ടഴിച്ചെങ്കിലും കളം വിടാൻ വർഗീസ് തയ്യാറായില്ല. കളത്തിനുപുറത്ത് പരിശീലകന്റെയും സംഘാടകന്റെയും കുപ്പായമണിഞ്ഞു. ആരംഭിച്ച കാലംമുതൽ 23 വർഷം ആലുവ മാർ അത്തനേഷ്യസ് ഓൾ ഇന്ത്യ ഇന്റർ സ്‌കൂൾ മത്സരത്തിന്റെ മുഖ്യസംഘാടകനായി. ആലുവ സെന്റ് മേരീസ് സെന്റിനറി കപ്പ് ഉൾപ്പെടെ നിരവധി പ്രാദേശിക ടൂർണമെന്റുകളിലും സംഘാടകനായിരുന്നു. 2010ൽ ആരംഭിച്ച ആലുവ ഫുട്‌ബോൾ അക്കാദമിയുടെ പരിശീലകനായും പ്രവർത്തിച്ചു. ഭാവി-താരങ്ങളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തിയിരുന്നു.
സംസ്കാരം ബുധൻ രാവിലെ 10ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി വർഗീസ് (വരന്തരപ്പിള്ളി മാളിയേക്കൽ ചെനിയറ കുടുംബാംഗം). മക്കൾ: പ്രഷീല (കുവൈത്ത്), പ്രഷീജ (കുവൈത്ത്), പ്രഷീന (യുഎസ്എ), ജീസ് (കോൺട്രാക്ടർ). മരുമക്കൾ: ക്ലീറ്റസ് (കുവൈത്ത്), ബിനു (കുവൈത്ത്), ബിറ്റോ (യുഎസ്എ), ജിനി (കുവൈത്ത്).








0 comments