4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു

foodsafty.
വെബ് ഡെസ്ക്

Published on Jun 11, 2025, 05:38 PM | 1 min read

തിരുവനന്തപുരം: മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്. മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


മേയ് രണ്ടിന് ആരംഭിച്ച ഡ്രൈവിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പ്പിച്ചു. 592 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 433 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. തുടര്‍ പരിശോധനകള്‍ക്കായി 1850 സര്‍വൈലന്‍സ് സാമ്പിളുകളും 1054 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഡ്രൈവിന്റെ ഭാഗമായി നൈറ്റ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന കടകള്‍ കേന്ദ്രീകരിച്ച് 4 മണി മുതല്‍ 8 മണിവരെയാണ് പരിശോധനകള്‍ നടത്തിയത്.


ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്.


ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിലാണ് പരിശോധനകള്‍ നടന്നു വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home