പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 1340 പ്രത്യേക പരിശോധ, 21 സ്ഥാപനങ്ങൾ പൂട്ടി

food safety
വെബ് ഡെസ്ക്

Published on Jan 07, 2025, 03:40 PM | 1 min read

തിരുവനന്തപുരം> പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 1340 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ 2861 പരിശോധനകള്‍ കൂടാതെയാണിത്.


109 പ്രത്യേക സ്‌ക്വാഡുകളാണ് പുതുവത്സര വിപണിയില്‍ പരിശോധനകള്‍ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 182 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 109 കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 39 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 284 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


പുതുവത്സര വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശക്തമായ പരിശോധനകളാണ് നടത്തിയത്. കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി.


കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍, ഐസ്‌ക്രീം, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അജി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Home