വന്ദേഭാരതിലേക്ക് പഴകിയ ഭക്ഷണം ; സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

കൊച്ചി
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാനുള്ള പഴകിയ ഭക്ഷണം കടവന്ത്രയിലെ പാചകകേന്ദ്രത്തിൽനിന്ന് പിടിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന ശക്തമാക്കി. കടവന്ത്ര വി വി മൈക്കിൾ റോഡിലെ ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്‌സിൽ ബുധനാഴ്‌ച കോർപറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാംസവും ഭക്ഷണവും പിടിച്ചിരുന്നു. സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി ഭക്ഷ്യസുരക്ഷാ അസി. കമീഷണർ ജോസ് ലോറൻസ് പറഞ്ഞു. ഈ കേന്ദ്രത്തിൽനിന്നുള്ള പഴകിയ ഭക്ഷണം ട്രെയിനുകളിൽ എത്തിച്ചതായും സൂചനയുണ്ട്. ഇക്കാര്യവും പരിശോധിക്കും.
ട്രെയിനുകളിലേക്കടക്കം ഭക്ഷണം വൃത്തിഹീനമായി പാചകം ചെയ്യുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ജില്ലയിലാകെ സൂക്ഷ്‌മപരിശോധന. റെയിൽവേയുമായുള്ള കരാറിലാണ് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അവിടങ്ങളിൽ റെയിൽവേയുടെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തേണ്ടത്. എന്നാൽ, റെയിൽവേയുടേത് ഉൾപ്പെടെ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് അസി. കമീഷണർ പറഞ്ഞു.
കൊച്ചി കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചത്. സ്ഥാപനത്തിനെതിരെയുള്ള തുടർനടപടികളും ആരോഗ്യവിഭാഗമാണ് സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാവിഭാഗം എത്തിയപ്പോഴേക്കും ആരോഗ്യവിഭാഗം സ്ഥാപനം പൂട്ടി സീൽ ചെയ്‌തിരുന്നു.









0 comments