കാസർകോട് ഷവർമ കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

shawarma

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 09, 2025, 05:55 PM | 1 min read

കാസർകോട് : നബിദിനാഘോഷത്തിനിടെ ഹോട്ടലിൽനിന്നും വരുത്തിയ ഷവർമ കഴിച്ച 15 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 8 മുതൽ 16 വയസുവരെ പ്രായമുള്ള കുട്ടികളാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സ തേടിയത്. കുട്ടികൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കൾ രാത്രി 10.30 ഓടെ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നുള്ള ഷവർമ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. നബിദിനാഘോഷ പരിപാടിയിൽ ആഘോഷ കമ്മിറ്റി വിതരണംചെയ്ത ഭക്ഷണം തികയാതെ വന്നപ്പോൾ ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിക്കൊണ്ടുവന്ന് വിദ്യാർഥികൾക്ക് നൽകുകയായിരുന്നു. 15 ഷവർമയാണ് വാങ്ങിയത്. കഴിച്ചയുടൻ കുട്ടികൾക്ക് ഛർദ്ദിയും തലകറക്കവുമുണ്ടായി. ജമാ അത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്.


പഴകിയ ഷവർമയാണ്‌ ഹോട്ടലുകാർ നൽകിയതെന്ന്‌ നാട്ടുകാർ പറഞ്ഞു. തുടർന്ന് ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളംവച്ചു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ആരോഗ്യ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ​


സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ഷവർമ വിതരണംചെയ്ത ഹോട്ടലിലെ ഭക്ഷണ സാമ്പിളുകൾ പരിശോധനക്കയച്ചു. കുട്ടികൾ കഴിച്ച ഷവർമയിലെ ഇറച്ചിക്ക് ഒരാഴ്ച പഴക്കമുള്ളതായി പരിശോധനയിൽ കണ്ടെത്തി. ഉണങ്ങിയ കുബ്ബൂസുകളിലാണ് ഷവർമ ഉണ്ടാക്കിയതെന്നും വ്യക്തമായി. ഷവർമക്ക് പഴകിയ കോഴിയിറച്ചി ഉപയോഗിച്ചതാണ് വിഷബാധക്ക് കാരണമെന്ന് സംശയിക്കുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽനിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. ചികിത്സയിലുള്ള വിദ്യാർഥികൾ അപകടനില തരണം ചെയ്തിട്ടുണ്ട്.


മൂന്നുവർഷംമുമ്പ് ചെറുവത്തൂരിലെ കൂൾബാറിൽനിന്ന് ചിക്കൻ ഷവർമ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ്‌ കരിവെള്ളൂർ- പെരളം സ്വദേശിനി പി ഇ ദേവനന്ദ (16) മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home