print edition ക്ഷയരോഗ ബാധിതർക്ക് ഭക്ഷ്യ കിറ്റുമായി യുഎസ്ടി

തിരുവനന്തപുരം
എറണാകുളത്തെയും തിരുവനന്തപുരത്തെയും ക്ഷയരോഗബാധിതർക്ക് ആറുമാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ കൈമാറാനുള്ള സംരംഭത്തിന് തുടക്കംകുറിച്ച് എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി. ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടിബി മുക്ത് ഭാരത് അഭിയാനുകീഴിലെ നിക്ഷയ് മിത്ര ദൗത്യവുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനിയുടെ സിഎസ്ആർ ടീം തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ ടിബി സെല്ലിലും എറണാകുളം കരുവേലിപ്പടിയിലെ ജില്ലാ ടിബി സെന്ററിലും മാസംതോറും 100 കിറ്റുകൾ എന്ന കണക്കിൽ 600 കിറ്റുകൾ വിതരണം ചെയ്യും.
അരി, ഗോതമ്പുമാവ്, റാഗിപ്പൊടി, ഉഴുന്നുപരിപ്പ്, ചെറുപയർ, പാൽപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ നൽകാൻ കഴിയുന്നതിൽ അഭിമാനിക്കുന്നെന്ന് യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ധാരണപത്രം ജില്ലാ ടിബി സെല്ലിൽ സംഘടിപ്പിച്ച ചടങ്ങിൽ യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, ജില്ലാ ടിബി ഓഫീസർ ഡോ. വി ധനുജയ്ക്ക് കൈമാറി.
വർക് പ്ലേസ് മാനേജ്മെന്റ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ജയശ്രീ, സിഎസ്ആർ ലീഡ് വിനീത് മോഹനൻ, എസ്ടിഡിസി കൺസൽട്ടന്റ് ഡോ. പി എസ് നീന, ജില്ലാ ആരോഗ്യ കുടുംബക്ഷേമ വിഭാഗം പ്രോഗ്രാം മാനേജർ ഡോ. അനോജ്, ഡബ്ല്യുഎച്ച്‌ഒ കൺസൽട്ടന്റ് ഡോ. അപർണ മോഹൻ, തിരുവനന്തപുരം ജില്ലാ ടിബി സെൽ കെഎച്ച്‌പിടി കൺസൽട്ടന്റ് എലിസബത്ത് ജോയ് തുടങ്ങിയവർ സംസാരിച്ചു.








0 comments