print edition ഓർമകളുടെ കടലിരമ്പം ; പ്രഥമ സന്തോഷ്‌ ട്രോഫി ടീമിലെ അംഗങ്ങളെ ആദരിച്ചു

first santhosh trophy team kerala
വെബ് ഡെസ്ക്

Published on Nov 03, 2025, 03:30 AM | 1 min read


മലപ്പുറം

എറണാകുളം മഹാരാജാസ്‌ കോളേജ്‌ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറി. ക്യാപ്‌റ്റൻ മണിയുടെ ഹാട്രിക്‌ ഗോളിൽ കേരളം റെയിൽവേസിനെ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ കീഴടക്കി ആദ്യമായി സന്തോഷ്‌ ട്രോഫിയിൽ മുത്തമിട്ട ദിവസം. അതിനെക്കുറിച്ച്‌ ഓർക്കുന്പോൾ താരങ്ങളുടെ മുഖത്ത്‌ അഭിമാനം. 1973 ഡിസംബർ 27ലെ ആ ചരിത്ര മുഹൂർത്തത്തിലേക്ക്‌ വേദിയും സദസ്സും സഞ്ചരിച്ചു. വിഷൻ 2031 കായിക സെമിനാറിന്റെ ഭാഗമായി 1973ൽ പ്രഥമ സന്തോഷ്‌ ട്രോഫി നേടിയ ടീമിനെ ആദരിക്കുന്ന ‘സ്‌നേഹാദരം’ ചടങ്ങാണ്‌ വൈകാരിക മൂഹർത്തങ്ങൾക്ക്‌ വേദിയായത്‌.


santhosh trophy


ക്യാപ്‌റ്റൻ മണിയടക്കം ടീമിലെ 12 പേർ ജീവിതത്തിൽനിന്ന്‌ മടങ്ങി. ബാക്കിയുള്ള 14 പേരിൽ ഒന്പതുപേർ ആദരമേറ്റുവാങ്ങാനെത്തി. സേവ്യർ പയസ്‌, വിക്ടർ മഞ്ഞില, എം മിത്രൻ, പി പി പ്രസന്നൻ, ഇട്ടി മാത്യു, പി പി അബ്ദുൾ ഹമീദ്‌, ബ്ലസി ജോർജ്‌, കെ പി വില്യംസ്‌, ജി രവീന്ദ്രൻ നായർ എന്നിവരാണ്‌ പരിപാടിയിൽ എത്തിയത്‌. വേർപിരിഞ്ഞുപോയവരെക്കുറിച്ച്‌ പറയുന്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു, വാക്കുകൾ മുറിഞ്ഞു. അവരുടെ ഓർമകൾക്കുമുന്നിൽ ഒരുനിമിഷം എല്ലാവരും എണീറ്റുനിന്നു.


ചടങ്ങിനെത്തിയ പ്രഥമ സന്തോഷ്‌ ട്രോഫി കിരീട ജേതാക്കളെ മന്ത്രി വി അബ്ദുറഹിമാൻ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ യു ഷറഫലി അധ്യക്ഷനായി. കലക്ടർ വി ആർ വിനോദ്‌, സ്‌പോർട്സ് ഫൗണ്ടേഷൻ കേരള ഡയറക്ടർ വി പി അനിൽ, എ ശ്രീകുമാർ, രഞ്ജു സുരേഷ്, പി ഹൃഷികേശ്‌ കുമാർ എന്നിവർ സംസാരിച്ചു. ‘കേരള ഫുട്‌ബോൾ, ചരിത്രം, നാൾവഴികൾ ’ സെമിനാറിൽ എം പി സുരേന്ദ്രൻ സംസാരിച്ചു.


സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ എം ആർ രഞ്‌ജിത്‌ സ്വാഗതവും കായിക യുവജനകാര്യാലയം ഡയറക്ടർ പി വിഷ്‌ണുരാജ്‌ നന്ദിയും പറഞ്ഞു. തുടർന്ന്‌ റാസ ലൈവ്‌ മ്യൂസിക്‌ ഷോയും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Home