തെരഞ്ഞെടുപ്പിന് ശേഷം അമ്മ ജനറൽ ബോഡിയുടെ ആദ്യ യോ​ഗം ചേരുന്നു

amma
വെബ് ഡെസ്ക്

Published on Aug 20, 2025, 11:45 AM | 1 min read

കൊച്ചി: ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആദ്യ എക്സിക്യൂട്ടീവ് യോ​ഗം കലൂരുള്ള ആസ്ഥാനത്ത് ചേരുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ യോ​ഗത്തിന് എത്തി. കമ്മിറ്റി അം​ഗങ്ങളും അഭിനേതാക്കളും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.


സംഘടനയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യാം എന്നതാണ് എക്സിക്യൂട്ടീവിലെ ആദ്യ അഡണ്ട. ഓണാഘോഷ പരിപാടികൾ വിപുലമായി നടത്താനുള്ള ചർച്ചകളും നടക്കും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നും പിരിഞ്ഞുപോയ ഡബ്ല്യൂസിസി അം​ഗങ്ങളെ തിരികെ സം​ഘടനയിലെത്തിക്കാനുള്ള ശ്രമങ്ങളും ചർച്ച ചെയ്യും. കുക്കു പരമേശ്വരനെതിരെയുള്ള മെമ്മറി കാർഡ് വിവാദവും ചർച്ചയായേക്കും. അതിജീവിതയെ ഉൾപ്പെടെ സംഘടനയിൽ നിന്ന് മാറി നിൽക്കുന്നവരെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് ശ്വേതാ മേനോൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അറിയിച്ചിരുന്നു.


കഴിഞ്ഞ 15നാണ് ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി പുതിയ കമ്മിറ്റി അധികാരത്തിൽ വന്നത്. ശ്വേതയുൾപ്പെടെ നാല്‌ വനിതകളാണ്‌ തെരഞ്ഞെടുപ്പിൽ ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക്‌ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെയും ജോയിന്റ്‌ സെക്രട്ടറിയായി അൻസിബ ഹസനെയും വൈസ്‌ പ്രസിഡന്റായി ലക്ഷ്‌മിപ്രിയയെയും തെരഞ്ഞെടുത്തു. ജയൻ ചേർത്തലയാണ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വിജയിച്ച മറ്റൊരാൾ.


നടിയെ ആക്രമിച്ച സംഭവത്തോടെയാണ്‌ സിനിമാ മേഖലയിലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പുറം ലോകം അറിഞ്ഞത്‌. തുടർന്നാണ്‌ സർക്കാർ ഹേമ കമ്മറ്റി രൂപീകരിച്ചത്‌. റിപോർട്ട്‌ പുറത്ത്‌ വന്നതോടെ വിവാദങ്ങൾ ആളിക്കത്തി. 2027 വരെ കാലാവധിയുണ്ടായിരുന്ന മോഹൻലാൽ പ്രസിഡന്റായിരുന്ന അമ്മ മുൻ ഭരണസമിതി കഴിഞ്ഞ ആഗസ്‌തിൽ രാജി വെച്ചു. തുടർന്ന്‌ അഡ്‌ഹോക്‌ കമ്മിറ്റിയുടെ കീഴിലായി. കഴിഞ്ഞ ജൂണിലെ വാർഷിക ജനറൽ ബോഡി തീരുമാനപ്രകാരമാണ്‌ അടുത്തിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home