ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക്

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ ആഭരണക്കടയിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പൃഥ്വിരാജിന്.
അന്വേഷണം നടത്തിയിരുന്ന മ്യൂസിയം പൊലീസിന് ക്രമസമാധാന ചുമതലകൾ ധാരാളമുള്ളതിനാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ച അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ശനിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചത്.
ആഭരണക്കടയിലെത്തിയിരുന്ന പണം മൂന്ന് ജീവനക്കാരികൾ ചേർന്ന് ക്യൂആർ കോഡിൽ കൃത്രിമം കാട്ടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രധാന കേസ്. ഇത്തരത്തിൽ 60 ലക്ഷത്തിലേറെ രൂപ തട്ടിച്ചതിനുള്ള തെളിവുകളുമായാണ് കൃഷ്ണകുമാറും ദിയയും പരാതി നൽകിയത്. ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾക്കെതിരെയാണ് പരാതി. എന്നാൽ കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാരോപിച്ച് ജീവനക്കാരികളും മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തട്ടിക്കൊണ്ടുപോകൽ കേസിൽ കൃഷ്ണ കുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി 18-ന് പരിഗണിക്കും.









0 comments