കൃഷ്ണകുമാറിന്റെ മകളുടെ കടയിലെ സാമ്പത്തിക തട്ടിപ്പ്: നികുതി വെട്ടിപ്പിന് ശ്രമമെന്ന്‌ സംശയം

Krishna Kumar
വെബ് ഡെസ്ക്

Published on Jun 10, 2025, 12:22 AM | 1 min read

തിരുവനന്തപുരം : ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളുടെ ആഭരണകടയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മ്യൂസിയം പൊലീസ് ബാങ്ക് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ, കടയിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ശേഖരിക്കുന്നത്. ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആർ കോഡ് നൽകി 3 ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും പരാതി.


എന്നാൽ ഫാൻസി ആഭരണങ്ങൾ വിൽക്കുന്ന കടയിൽനിന്ന് ഉടമ അറിയാതെ ഇത്രയും പണം എടുക്കാനാകുമോയെന്നതാണ് സംശയം. ഈ ഇടപാടുകളിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുണ്ടായതായും സംശയമുണ്ട്‌. സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിങ് നടത്തുന്ന സ്വകാര്യസ്ഥാപനത്തിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. 2024 ജൂൺമുതലാണ് തട്ടിപ്പ് നടന്നതെന്നും പരാതിയിൽ പറയുന്നു. ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്നാണ് ജീവനക്കാരികൾ പറയുന്നത്. സ്വന്തം വിലാസമോ മൊബൈൽ നമ്പരോ ദിയ എവിടെയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികൾ ആരോപിച്ചിരുന്നു.


തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് കടയിലെ ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിന്റെയും മകളുടെയും പേരിലും പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിലും അന്വേഷണം പുരോ​ഗമിക്കുകയാണ്. തട്ടികൊണ്ടു പോയി, ഭീഷണിപ്പെടുത്തി, മർദിച്ചു തുടങ്ങിയ പരാതി ഉന്നയിച്ച് കടയിലെ ജീവനക്കാരികൾ നൽകിയ പരാതിക്കാണ് പൊലീസ് പ്രഥമ പരിഗണന നൽകിയത്. അതുകൊണ്ടാണ് 3ന് രജിസ്റ്റർ ചെയ്ത കേസിൽ ബാങ്ക് രേഖകൾ ശേഖരിക്കാൻ വൈകിയതും. ഇരുകൂട്ടരുടെയും മൊഴി വീണ്ടുമെടുക്കും. യുവതികൾ കുറ്റം സമ്മതിക്കുന്നതായി പുറത്തുവന്ന വീഡിയോകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. ഫോൺ രേഖകളടക്കം പരിശോധനയ്ക്ക് വിധേയമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home