സാമ്പത്തിക തിരിമറി; കൃഷി ഓഫീസ് മുൻ അസിസ്റ്റന്റ് ഡയറക്ടർക്ക് 37 വർഷം കഠിനതടവ്

കാസർകോട്: സാമ്പത്തിക തിരിമറി കേസിൽ പ്രിൻസിപ്പൽ കൃഷി ഓഫീസ് മുൻ അസിസ്റ്റന്റ് ഡയറക്ടർക്ക് 37 വർഷം കഠിനതടവ്. കാസർകോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗം മുൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാൻ എമ്മിനെയാണ് വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
കാസർകോട് ജില്ലയിൽ കർഷകരിൽ നിന്നും നേരിട്ട് കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സെക്രട്ടറിയും, കർഷക പ്രതിനിധികൾ പ്രസിഡന്റും, ട്രഷററുമായി ഒരു കാർഷിക ഉൽപ്പന്ന സംഭരണ വിതരണ സൊസൈറ്റി രൂപീകരിച്ചിരുന്നു.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാൻ എം 2004-2008 കാലയളവിൽ ഈ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു. ഈ കാലയളവിൽ പ്രതി സൊസൈറ്റിയുടെ ജോയിന്റ് അക്കൗണ്ടിൽ നിന്നും സൊസൈറ്റി ചെയർമാന്റെയും ട്രഷററുടെയും വ്യാജ ഒപ്പ് രേഖപ്പെടുത്തി 9,41,888 രൂപ പിൻവലിച്ചു.
കാസർകോട് ജില്ലാ കാർഷിക ഉൽപ്പന്ന സംഭരണ വിതരണ സൊസൈറ്റിയിൽ നിന്നും പണാപഹരണം നടത്തിയതിന് അഞ്ച് കേസുകളിലായി അബ്ദുൾ റഹ്മനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസുകളിൽ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി വിജിലൻസ് കോടതി കണ്ടെത്തി. ഓരോ കേസിനും വിവിധ വകുപ്പുകളിലായി ആകെ 37 വർഷം വീതം കഠിന തടവും 3,00,000രൂപ വീതം പിഴയും ഒടുക്കണം.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉഷാകുമാരി കെ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ പി എസ് അറിയിച്ചു.









0 comments