ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം ഉടൻ

കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം 11ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. അങ്കമാലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടം സംഭവിച്ചാലുടൻ വകുപ്പുമന്ത്രി രാജിവയ്‌ക്കണമെന്ന് പറയുന്നത് ശരിയല്ല. കർണാടകത്തിൽ ഐപിഎൽ വിജയികളുടെ സ്വീകരണ പരിപാടിയിൽ 11 പേർ മരിച്ചു. ആരും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടില്ല. ദൗർഭാഗ്യകരമായ സംഭവമാണ് കോട്ടയത്തുണ്ടായത്. ആവർത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പ്രതിഷേധമെന്നപേരിൽ ആശുപത്രിക്ക് കേടുപാടുണ്ടാക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുമെന്ന് പ്രതിപക്ഷം മനസ്സിലാക്കണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ആശുപത്രിയിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് നൽകിയത്. അന്ന് ഒരു നടപടിയും എടുത്തില്ല. എൽഡിഎഫ് സർക്കാർ വന്നശേഷം ആവശ്യമായ തുക വകയിരുത്തി നാലു പുതിയ കെട്ടിടങ്ങൾ അടക്കം സൗകര്യങ്ങളൊരുക്കി. ഒരു പ്രശ്‌നമുണ്ടായാലുടൻ ആരോഗ്യസംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments