ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സജി നന്ത്യാട്ട് രാജിവച്ചു

കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നിര്‍മാതാവ് സജി നന്ത്യാട്ട് രാജിവച്ചു. 27ന് നടക്കുന്ന ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിച്ചതും സാന്ദ്ര തോമസിനെ പിന്തുണച്ചതിന്റെ പേരിൽ നിർമാതാക്കളിൽ ചിലരുമായുണ്ടായ ഭിന്നതയുമാണ് രാജിക്ക് കാരണമെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
മലയാള സിനിമ നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമ പ്രതിനിധികൾ എന്നിവരടങ്ങിയ ഫിലിം ചേംബറിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കാണ് സജി മത്സരിക്കാനിരുന്നത്. വിതരണക്കാരുടെ പ്രതിനിധിക്കാണ് അടുത്ത പ്രസിഡന്റ് സ്ഥാനം. അഞ്ചു മാസംമുമ്പ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിൽ അംഗത്വമെടുത്താണ് സജി നോമിനേഷൻ നൽകാനിരുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച അടിയന്തര ഭരണസമിതി യോഗം ചേർന്ന് തന്നെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി നന്ത്യാട്ട് പറഞ്ഞു.









0 comments