അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസ്: ഇടുക്കിയിൽ ദ്വിദിന സെമിനാർ

തിരുവനന്തപുരം: അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി മെയ് 10, 11 തീയതികളിൽ ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ വനം, പശ്ചിമഘട്ടം, പ്ലാന്റേഷൻ ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രവും, എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രവും ചേർന്നാണ് സംഘാടനം.
കേരളത്തിന്റെ സുസ്ഥിരതയിൽ ആത്യന്തികം നിർണായകമായ മലയോര പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സെമിനാറിന്റെ ചർച്ചാവിഷയം. വനം, പശ്ചിമഘട്ടം, പ്ലാന്റേഷൻ ഇവ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും മേഖലയുടെ സാധ്യതകളും 34-ഓളം സെഷനുകളിലായി ചർച്ച ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയിലെ ഭൂ പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ നേരിടുന്നതെങ്ങനെ, മനുഷ്യ-വന്യജീവി സംഘർഷങ്ങൾ, ഇടുക്കി വികസന പാക്കേജ് തുടങ്ങിയവ ചർച്ചചെയ്യും. അക്കാദമിക, സാമൂഹ്യ, വികസന രംഗത്തുള്ള വിദഗ്ദ്ധർ, പൊതുപ്രവർത്തകർ എന്നിവർ അവതരണങ്ങൾ നടത്തും.
സംഘാടനത്തിന് സി വി വർഗീസ് ചെയർമാനും ആർ തിലകൻ ജനറൽ കൺവീനറായും കമ്മിറ്റി പ്രവർത്തിക്കുന്നു. അക്കാദമിക സമിതി ചെയർപേഴ്സൺ ഡോ. ആർ അജയകുമാർ വർമയും കൺവീനർ എസ് എസ് നാഗേഷുമാണ്. സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും പങ്കെടുക്കാനുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. https://registration.akgcentre.in/ എന്ന വെബ് മേൽവിലാസത്തിലൂടെ രജിസ്റ്റർചെയ്യാം. വിശദാംശങ്ങൾ https://akgcentre.in/ ലഭ്യമാണ്.









0 comments