മിഴിയിണ അടയ്ക്കുമ്പോൾ; ‘മണിയറ’യിലെ ജനപ്രിയന് വിട

മിഴിയിണ ഞാനടയ്ക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം...
1983ൽ പുറത്തിറങ്ങിയ ‘മണിയറ’ സിനിമയിലെ, ഷാനവാസ് അഭിനയിച്ച ഈ ഗാനരംഗം ഓർക്കാത്ത മലയാളികളുണ്ടാകില്ല. എൺപതുകളിലെയും തൊണ്ണൂറുകളിലെയും പ്രണയസല്ലാപങ്ങൾ ഈ വരികൾ മൂളാതെ കടന്നുപോയിട്ടുണ്ടാകില്ല. അന്ന് ഈ പാട്ട് അത്രത്തോളം ജനപ്രിയമായി മാറി. 50 സിനിമകളിൽ അഭിനയിച്ച് മലയാള മനസുകളിൽ നിറഞ്ഞാടിയ ഷാനവാസ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത് പ്രേംനസീറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ്.
കോളേജ് പഠന കാലത്താണ് പ്രേമഗീതങ്ങളിൽ അഭിനയിക്കാൻ ആവശ്യപ്പെടുന്നത്. ബാലചന്ദ്ര മേനോനാണ് അഭിനയിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. ഈ കാര്യം പ്രേംനസീറുമായി സംസാരിച്ചു. ‘അവനു താൽപ്പര്യമുണ്ടെങ്കിൽ അഭിനയിപ്പിക്കാം, വെറുതെ സമയം കളയരുത്’ എന്നായിരുന്നു മറുപടി. ബാലചന്ദ്ര മേനോന്റെ നിർബന്ധത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. അംബികയായിരുന്നു സഹനടി. മകൻ വിദ്യാഭ്യാസത്തിൽ ശ്രദ്ധിച്ചാൽ മതിയെന്ന പ്രേംനസീറിന്റെ ആഗ്രഹംതെറ്റിച്ച് ഷാനവാസെന്ന അഭിനയ പ്രതിഭ തമിഴ് ഭാഷയിലും കരുത്തുകാട്ടി. പ്രേമഗീതങ്ങളിൽ സിനിമ അക്കാലത്ത് വൻ ഹിറ്റായി.
അതോടെ തുടരെത്തുടരെ സിനിമകൾ വരാൻ തുടങ്ങി. പ്രേം നസീറിനുമൊപ്പവും സിനിമകളിൽ അഭിനയിച്ചു. കരാട്ടെ പഠിച്ചതിനാൽ അത്തരം കഥാപാത്രങ്ങൾ കൂടുതലായി അഭിനയിച്ചു. ഐ വി ശശിയുടെ ‘നീലഗിരി’യിൽ അഭിനയിച്ചതിനുശേഷം ഏറെ കാലം ദുബായിയിലായിരുന്നു. അവിടെ മൂന്ന് കമ്പനിയിൽ ജോലി നോക്കി. തുടർന്ന് വിജി തമ്പിയുടെ ‘നമ്മൾ തമ്മിൽ’ സിനിമയിൽ അഭിനയിച്ചു. പിന്നീട് ദിവ്യാ ഉണ്ണി നായികയായ സീരിയൽ ശംഖുപുഷ്പത്തിലും അഭിനയിച്ചു. മലേഷ്യയിലാണ് ഷാനവാസിന്റെ ഭാര്യവീട്. അവിടെ കുടുംബത്തോടൊപ്പമാണ് ദീർഘകാലം കഴിഞ്ഞത്.









0 comments