വ്യാജ ട്രേഡിങ് ആപ്പ്: 7.8 ലക്ഷം രൂപ തട്ടിയ പ്രതിയെ ഗുജറാത്തിലെത്തി പിടികൂടി

arrest
വെബ് ഡെസ്ക്

Published on Apr 12, 2025, 07:21 PM | 1 min read

കിഴക്കമ്പലം: ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതിയെ ഗുജറാത്തിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത് മംഗൽമൂർത്തി അപ്പാർട്ട്മെന്റിൽ റീട്ടെൻ കീർത്ത്ഭായി ഹക്കാനി (34)യാണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്. വ്യാജ ട്രേഡിങ് ആപ്പിന്റെ മറവിൽ കിഴക്കമ്പലം മുറിവിലങ്ങ് സ്വദേശിയുടെ 7.8 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇയാൾ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു. ഇതിനായി അയച്ചുകൊടുത്ത ആപ് വഴിയാണ് സാമ്പത്തിക ഇടപാട് നടത്തിയത്.


ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴുവരെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടർന്ന് ആപ്പിന്റെ വാലറ്റിൽ കാണപ്പെട്ട ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കമീഷൻ ആവശ്യപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഉടനെ തടിയിട്ടപറമ്പ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഗുജറാത്ത് സൂറത്ത് സ്വദേശിയാണെന്ന് മനസ്സിലാക്കി. അന്വേഷകസംഘം സൂറത്തിൽ ഒരാഴ്ച വേഷംമാറി താമസിച്ചു.


സമ്പന്നർ താമസിക്കുന്ന അപ്പാർട്ട്മെന്റിലായിരുന്നു പ്രതിയുടെ താമസം. പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടിരക്ഷപ്പെട്ട പ്രതിയെ ഒരുപാട് ദൂരം പിന്തുടർന്നാണ് പിടികൂടിയത്. കബളിപ്പിച്ച പണം ഗുജറാത്തിലെ സൂറത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്തർഗാം ശാഖയിലെ പ്രതിയുടെ പേരുള്ള അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി. എഎസ്‌പി ശക്തിസിങ് ആര്യ, ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ്, എസ്ഐ എ എച്ച് അജിമോൻ, സിപിഒമാരായ കെ കെ ഷിബു, മിഥുൻ മോഹൻ, കെ വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home