കള്ളങ്ങൾ പൊളിഞ്ഞത് അതിവേഗത്തിൽ; അപഹാസ്യരായി മാധ്യമങ്ങൾ

സോഷ്യൽ മീഡിയയിൽ ഒരു വ്യക്തി നൽകിയ വിവരം രഹസ്യരേഖയാക്കി പ്രചരിപ്പിച്ച വലതുപക്ഷ മാധ്യമങ്ങളുടെ നാണംകെട്ട രാഷ്ട്രീയ നീക്കം അപഹാസ്യമായി. സിപിഐ എം പൊളിറ്റ്ബ്യൂറോയുടെ വലിയ രഹസ്യം ചോർന്നു എന്ന നിലയിൽ ഞായറാഴ്‌ച ഒന്നാം പേജിൽ മാതൃഭൂമിപത്രം പ്രസിദ്ധീകരിച്ചത് വ്യാജവാർത്ത. ഈ വ്യാജ വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനൊപ്പം സിപിഐ എമ്മിനെതിരായി നൽകിക്കൊണ്ടിരിക്കുന്ന വാർത്താപരമ്പരയിലെ മറ്റൊരു കള്ളം കൂടിയായി ഇത്.
പിബിയ്ക്ക് നൽകിയ പരാതി ആർക്ക് വേണമെങ്കിലും അയച്ചു തരാമെന്നും പരാതിക്കാരൻ വാഗ്ദാനം നൽകിയിരുന്നു. ഇതിനെയാണ് രഹസ്യരേഖ ചോർത്തി നൽകിയെന്ന് കേരളത്തിലെ പ്രമുഖ പത്രം വീമ്പ് പറഞ്ഞത്. മാധ്യമങ്ങൾ എങ്ങനെയാണ് വാർത്തകൾ സിപിഐ എമ്മിനെതിരെ വാർത്തകൾ ചമയ്ക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.
വസ്തുതകളും വിശദാംശങ്ങളും
എന്താണ് സംഭവം?
രാജേഷ് കൃഷ്ണ എന്നൊരാൾ തനിക്കെതിരായി അപവാദ പ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു.
ആ കേസിൽ എതിർ കക്ഷി പാർടിക്ക് അയച്ച പരാതിയുടെ ചില ഭാഗങ്ങൾ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉൾപ്പെടുത്തുന്നു.
പിബിക്ക് നൽകിയ പരാതിയിൽ വന്ന ഭാഗങ്ങൾ ഹർജിയിൽ ഉൾപ്പെട്ടത് ഗോവിന്ദൻ മാസ്റ്ററുടെ മകൻ ചോർത്തി നൽകിയതാണ് എന്നതാണ് വാർത്ത.
യാഥാർഥ്യമെന്ത്
ഹർജിയിൽ ഉൾപ്പെട്ട കാര്യങ്ങൾ പാർടിയുടെ ഏതെങ്കിലും രഹസ്യ രേഖയുമായി ബന്ധപ്പെട്ടുള്ളതല്ല.
മറിച്ച് ഒരാൾ നൽകിയ പരാതിയിലെ ഭാഗങ്ങളാണ്.
പരാതി നൽകിയ ആളുടെ കൈയ്യിലും അദ്ദേഹം നൽകാൻ ഇടയുള്ള ആളുകളുടെ കയ്യിലും അതുണ്ടാവും.
അതുകൊണ്ട് പിബിയുടെ ഒരു രഹസ്യ രേഖയായി അത് മാറുന്നില്ല.
പിബിയുടെ മാത്രം കൈയ്യിലുള്ളതാകുമ്പോഴാണ് അത് രഹസ്യ രേഖയാവുന്നത്.
അതുകൊണ്ട് ആ വാദം തന്നെ തികച്ചും തെറ്റാണ്.
ഇതിനെ കേന്ദ്രീകരിച്ചാണ് പത്രങ്ങൾ മുൻപേജുകൾ തന്നെ ചിലവാക്കുന്നത് എന്നത് അത്ഭുതകരമാണ്.
ഈ പരാതി പുറത്തുവന്നിരുന്നുവോ?
പിബിയിൽ നിന്ന് ചോർന്നുവെന്ന് പറയുന്ന ഈ പരാതി നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പരാതിക്കാരൻ പ്രസിദ്ധീകരിച്ചിരുന്നു.
മാത്രമല്ല, ഈ പരാതി ആർക്ക് വേണമെങ്കിലും അയച്ചു തരാമെന്നും വാഗ്ദാനം നൽകിയിരുന്നു.
ലോകം മുഴുവൻ കാണാൻ പറ്റുന്ന സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പരാതിയാണ് മാധ്യമങ്ങൾക്കെതിരെ കേസ് നൽകിയ രാജേഷ് കൃഷ്ണ തന്റെ ഹർജിയിൽ ഉൾപ്പെടുത്തിയത്.
ഇതിനെയാണ് പത്രങ്ങൾ രഹസ്യ രേഖയായി അവതരിപ്പിച്ചത്.
എം വി ഗോവിന്ദന്റെ പങ്കുമായി ബന്ധപ്പെട്ടത്
2024 മെയ് 17ാം തിയതി ഷർഷാദ് ബിനിയാണ്ടി പാർടി സംസ്ഥാന കമ്മിറ്റിക്കും വിവിധ വ്യക്തികൾക്കും അയച്ച കത്തിൽ പറയുന്ന കാര്യം ഇവിടെ പ്രസക്തമാണ്.
മറുനാടൻ മലയാളിയുമായി ഷർഷാദ് ബിനിയാണ്ടി അഭിമുഖം നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തെറ്റായ വാർത്തകൾ മേൽപ്പറഞ്ഞതുപോലെ
ചമയ്ക്കുന്ന സ്ഥിതിയുമുണ്ടായപ്പോൾ അത്തരം വാർത്തകളിൽ തനിക്ക് പങ്കില്ലെന്നും, തന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കിക്കൊണ്ട് ഒരു കത്ത് അയക്കുന്നുണ്ട്
ഇതിന്റെ കോപ്പി 10ലേറെ പേർക്ക് അയക്കുന്നുമുണ്ട്
അതിൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ ഈ കത്തിൽ അദ്ദേഹം പറയുന്ന വാചകങ്ങൾ ഇങ്ങനെയാണ്.
സിപിഐ എമ്മും, അതിന്റെ സെക്രട്ടറി എം വി ഗോവിന്ദനും ഏതെങ്കിലും തരത്തിലുള്ള നിഗൂഢമായ സാമ്പത്തിക ഇടപെടുകളിൽ ഏർപ്പെട്ടതായി ഞാൻ ഒരിക്കലും ആരോപിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തോട് അങ്ങേയറ്റം ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ധാർമ്മികതയേയും, തത്വങ്ങളേയും ഞാൻ എപ്പോഴും ആരാധിക്കുന്നു. എന്റെ ചെറുപ്പം മുതൽ തന്നെ ഞാൻ അദ്ദേഹത്തെ പിന്തുടരുന്നു. കഴിഞ്ഞ 30 þ 35 വർഷമായി ന്യൂമാഹിയിൽ നിന്ന് സിപിഐ എമ്മിനോടൊപ്പം നിന്ന ചുരുക്കം ചില മുസ്ലീം കുടുംബങ്ങളിലൊന്നാണ് എന്റെ കുടുംബം. 1993 മുതൽ 1998 വരെയുള്ള കാലഘട്ടങ്ങളിൽ ഞാനും ഒരു പാർടി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു. എന്റെ കുടുംബത്തെ നശിപ്പിച്ച രാജേഷ് കൃഷ്ണയെക്കുറിച്ചാണ് എനിക്ക് ആശങ്ക.
അതിന് ശേഷം രാജേഷ് കൃഷ്ണയെക്കുറിച്ച് പറഞ്ഞ ശേഷം ഈ തട്ടിപ്പുകാരൻ കാരണം എല്ലാം നഷ്ടപ്പെട്ട എനിക്കും കുടുംബത്തിനും നീതി നൽകണമെന്നും ഞാൻ പാർടിയോട് അഭ്യർഥിക്കുന്നു.
അതിനുശേഷം അവരുടെ അഭിമുഖവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ ഉൾപ്പെടെ തെറ്റായി പ്രചരിപ്പിച്ച കാര്യങ്ങൾ വിശദീകരിച്ച ശേഷം ഇങ്ങനെ പറയുന്നുണ്ട്.
എന്റെ പ്രസ്താവനകൾ നിക്ഷിപ്ത താൽപര്യക്കാർ വളച്ചൊടിച്ചതിനാൽ ഉണ്ടായ ഏതെങ്കിലും അസൗകര്യങ്ങൾ/അപമാനങ്ങൾക്ക് പാർടിയോടും, നേതാക്കളോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
ഇത്തരത്തിൽ നിലപാട് സ്വീകരിച്ചുകൊണ്ട് പാർടി സംസ്ഥാന കമ്മിറ്റിക്ക് കത്തെഴുതിയ ആളെ വച്ചാണ് മാധ്യമങ്ങളിൽ ഇത്തരം നാടകങ്ങൾ അരങ്ങേറിയിട്ടുള്ളത്.
പരാതിക്കിടയായ തർക്കങ്ങൾ
ഷർഷാദ് ബിനിയാണ്ടിയുടെ പരാതി പരിശോധിച്ചാൽ അതിൽ തന്റെ ബിസിനസിനെ രാജേഷ് സഹായിച്ചതും പിന്നീട് തെറ്റായ രീതിയിൽ പോയത് കാരണം അനുഭവിച്ച പ്രയാസങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
തന്റെ ഭാര്യക്ക് സിനിമ നിർമാണവുമായി ബന്ധപ്പെട്ട സഹായങ്ങൾ രാജേഷ് ചെയ്ത കാര്യവും വിശദീകരിച്ച ശേഷം രാജേഷ് കൃഷ്ണ തന്റെ കുടുംബം തകർക്കുന്ന രീതിയിൽ ഇടപെട്ടുവെന്നതാണ് വിശദീകരിക്കുന്നത്.
ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ഒരാളുമായി പാർടിയുടെ ആളുകൾ ബന്ധപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പറയുന്നത്.
കുടുംബ പ്രശ്നങ്ങളുടേയും വ്യക്തിപരമായ തർക്കങ്ങളുടേയും അടിസ്ഥാനത്തിൽ ഒരാൾ ഉന്നയിച്ച പരാതിയെ പാർടിക്കെതിരെ ഉപയോഗിക്കുന്ന മാധ്യമ സിൻഡിക്കേറ്റ് തന്ത്രങ്ങളാണ് ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത്.
മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഷർഷാദ് ബിനിയാണ്ടി ആരാണ് എന്നും കോടതി അദ്ദേഹത്തെ സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങൾ കൂടി ഇതോടൊപ്പം ചേർത്ത് വായിക്കുമ്പോഴാണ് ചിത്രം പൂർത്തിയാവുന്നത്.
കോടതിയുടെ നിരീക്ഷണങ്ങളും ഷർഷാദ് ബിനിയാണ്ടിയും
2024 നവംബർ മാസം 29ാം തിയതി എറണാകുളത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 8 നടത്തിയ ഉത്തരവിൽ അദ്ദേഹത്തോട് കോടതി കൽപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കിയാൽ കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരും.
1) ഗാർഹിക പീഢന നിരോധന നിയമം വകുപ്പ് 18 എ പ്രകാരം മാനസികമായോ ശാരീരികമായോ വാചികമായോ ഒരു ഉപദ്രവവും ഹർജിക്കാരിയേയും മക്കളേയും ചെയ്യാൻ പാടില്ല.
2) ഒരു തരത്തിലും ഹർജിക്കാരിയുമായോ അവരുടെ ബന്ധുക്കളുമായോ കമ്മ്യൂണിക്കേഷൻ പാടില്ല.
3) ഹർജിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമം വഴിയോ മറ്റേതെങ്കിലും തരത്തിലോ പ്രസ്താവനകൾ പുറപ്പെടുവിക്കരുത്.
4) ഹർജിക്കാരി താമസിക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ പ്രവേശിക്കരുതെന്നും അവരുടെ ജോലി തടസപ്പെടുത്തുകയും ചെയ്യരുത്.
5) ഹർജിക്കാരി കുലപ്രകാരം വിവാഹ മോചനം നേടിയതിനാൽ അവർക്ക് ഹർജി നൽകിയ തിയതി മുതൽ കുല പ്രഖ്യാപന ദിവസമായ 20.05.2022 വരെ പ്രതിമാസം 10,000 രൂപ ചെലവിന് നൽകണം.
6) പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾക്കും പ്രതിമാസം ഓരോരുത്തർക്കും 10,000 രൂപ ചെലവിന് നൽകണം.
7) ഹർജിക്കാരിക്ക് രണ്ട് കോടി ഇരുപത് ലക്ഷത്തി അമ്പതിനായിരം രൂപ ഇന്നേ ദിവസം മുതൽ ആറ് മാസത്തിനകം തിരികെ നൽകണം.
8) 5 ലക്ഷം രൂപ ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകണം.
9) മരട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആവശ്യമായ സംരക്ഷണം എതിർ കക്ഷിക്ക് നൽകേണ്ടതാണ്.
കോടതിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് അയാൾക്കെതിരെ ഗാർഹിക പീഢന നിരോധന നിയമ പ്രകാരം പരാതി നൽകുകയും, ആ നിയമത്തിലെ 31 (1) വകുപ്പ് പ്രകാരം എറണാകുളം ഹിൽ പാലസ് പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 613/2025 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാത്രമല്ല, കോടതി വിധി പ്രകാരം ചെലവിന് നൽകാനും അദ്ദേഹം തയ്യാറായിട്ടില്ല.
ഇങ്ങനെ ഗാർഹിക പീഢന കേസ് നിലവിലുള്ള ഒരാളെയാണ് പാർടിക്കെതിരെ ഉപയോഗിക്കാൻ പറ്റുമോയെന്ന നിലയിൽ വിശുദ്ധ പശുവായി രംഗത്തിറക്കിയിരിക്കുന്നത്.
കേരളത്തിലെ മാധ്യമ ലോകം പാർടി വിരുദ്ധതയ്ക്കായി ഏത് അറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്.
മാധ്യമ സിൻഡിക്കേറ്റുകൾ നിലനിൽക്കുന്നതിന്റെ ഭാഗമാണിത്.
മുൻ പങ്കാളിയുടെ പ്രസ്താവന
ഇത്തരം വിവാദങ്ങൾ കുത്തിപ്പൊക്കിയ സാഹചര്യത്തിൽ അവർ തന്നെ എഫ്ബിയിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
അതിൽ പറയുന്ന കാര്യങ്ങൾ
1) തന്നെ നാറ്റിക്കുമെന്നും സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും പറഞ്ഞ് നിരന്തരം അവരിൽ നിന്ന് ഭീഷണിയുണ്ടാകുന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
2) നിയമപരമായി കോടതിയെടുത്ത തീരുമാനങ്ങൾ അദ്ദേഹം അനുസരിച്ചില്ലെന്ന കാര്യവും എടുത്തുപറയുന്നുണ്ട്.
3) അദ്ദേഹം നടത്തിയ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അവർ വ്യക്തമാക്കുന്നുണ്ട്.
4) പിതാവിനെ ഗ്യാരണ്ടറാക്കിവെച്ച് കുടുംബ വീട് വച്ച് ലോണെടുത്തു.
5) അത് അടച്ചെന്ന് പറഞ്ഞ് പറ്റിച്ചു.
6) അത് ജപ്തിയിലേക്കെത്തിച്ചു.
7) രണ്ട് കോടി അറുപത്തിയഞ്ച് ലക്ഷം അടച്ചില്ലെങ്കിൽ വീട് നഷ്ടപ്പെടുമെന്ന നിലവന്നു.
8) അന്ന് മന്ത്രിയായിരുന്ന തോമസ് ഐസകിനെ കണ്ട് സാവകാശം വാങ്ങിത്തരാൻ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം ഇടപെട്ടത്.
9) പണമടച്ച് ജപ്തി ഒഴിവാക്കി.
കോടതി എനിക്കെതിരേയോ ബന്ധുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്കെതിരേയോ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഒരു തരത്തിലും മോശമായ പരാമർശം ഉണ്ടാക്കരുതെന്ന് കോടതി വ്യക്തമാക്കിയ കാര്യവും അവർ വിശദീകരിക്കുന്നുണ്ട്.
ഇത്തരത്തിൽ അടിമുടി കുടുംബത്തിൽ തന്നെ പ്രശ്നങ്ങളുണ്ടാക്കിയ ഒരാളെ പേര് പറഞ്ഞാണ് ഇല്ലാക്കഥകൾ പാർടിക്കെതിരെ പ്രചരിപ്പിക്കുന്നത്.
കേരളത്തിന്റെ മാധ്യമ രംഗം എത്രത്തോളം പിറകിൽ പോയിരിക്കുന്നുവെന്നതിന് ഉദാഹരണമാണിത്.
രാജേഷ് കൃഷ്ണയെ സംബന്ധിച്ച്
അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടിക്ക് വിധേയമാക്കുകയാണ് വേണ്ടത്.
അല്ലാതെ പാർടിക്കെതിരായുള്ള അപവാദ പ്രചരണത്തിനായി ഉപയോഗിക്കുകയല്ല വേണ്ടത്.
സിപിഐ എം പ്രസ്താവന ഇറക്കാത്തതെന്തുകൊണ്ട്?
നട്ടാൽ കുരുക്കാത്ത ഇത്തരം അപവാദങ്ങളെ അവജ്ഞതയോടെ തള്ളുകയാണ് വേണ്ടത്.
ആ നിലപാടാണ് ഇക്കാര്യത്തിൽ ഇപ്പോൾ പാർടി സ്വീകരിച്ചിട്ടുള്ളത്.
സിപിഐ എം വിശദീകരിക്കേണ്ട യാതൊരു പ്രശ്നവും ഇതിലില്ല എന്ന് വ്യക്തമാണ്.









0 comments