നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ; അക്ഷയ സെന്റർ ജീവനക്കാരി അറസ്‌റ്റിൽ

പത്തനംതിട്ട
നീറ്റ് യുജി പരീക്ഷയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിയിൽനിന്ന് വ്യാജ ഹാൾ ടിക്കറ്റ് കണ്ടെത്തിയ സംഭവത്തിൽ അഡ്‌മിറ്റ് കാർഡ് കൃത്രിമമായി ഉണ്ടാക്കിയ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി അറസ്‌റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര കുഴിഞ്ഞാൺവിള വീട്ടിൽ ഗ്രീഷ്‌മ (20)യെയാണ് പത്തനംതിട്ട പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. ഗ്രീഷ്‌മ കുറ്റം സമ്മതിച്ചതോടെ കുറ്റാരോപിതനായ വിദ്യാർഥിയെ വിട്ടയച്ചു.
പാറശാല സ്വദേശിയായ വിദ്യാർഥിയാണ് ഞായറാഴ്‌ച പത്തനംതിട്ട തൈക്കാവ് വിഎച്ച്‌എസ്എസിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള ഹാൾ ടിക്കറ്റാണ് കൈവശമുള്ളതെന്ന് പരീക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. എന്നാൽ, ക്ലറിക്കൽ പിശകായി കരുതി പരീക്ഷ സ്‌റ്റേറ്റ് കോ ഓർഡിനേറ്ററുടെ നിർദേശപ്രകാരം അധികൃതർ സെന്ററിൽ പ്രവേശിപ്പിച്ചു. പരീക്ഷ എഴുതാൻ അനുവദിച്ചു. വിശദ പരിശോധനയിൽ അഡ്മിറ്റ് കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് പൊലീസിൽ അറിയിച്ചത്. വിദ്യാർഥി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാൾ ടിക്കറ്റ് അക്ഷയ സെന്ററിൽ തിരുത്തിയതാണെന്ന് ബോധ്യപ്പെട്ടത്.
നീറ്റിന് അപേക്ഷിക്കാൻ ഗ്രീഷ്മയുടെ അടുത്ത് വിദ്യാർഥിയുടെ അമ്മ സമീപിച്ചിരുന്നു. പണവും നൽകി. എന്നാൽ ഗ്രീഷ്‌മ അപേക്ഷിച്ചില്ല. ഹാൾ ടിക്കറ്റിന് സമീപിച്ചപ്പോൾ ഫോണിലേക്ക് ഹാൾ ടിക്കറ്റ് വാട്‌സ്‌ആപ്പിൽ അയച്ചുകൊടുത്തു. ഹാൾടിക്കറ്റിന്റെ പ്രിന്റ് കാരക്കോണത്തുള്ള കംപ്യൂട്ടർ സെന്ററിൽനിന്ന് എടുത്തു.
അന്ന് അക്ഷയയിലെത്തിയ മറ്റൊരു വിദ്യാർഥിയുടെ ഹാൾടിക്കറ്റിൽ ക്രമക്കേട് നടത്തിയാണ് ഇവർക്ക് നൽകിയത്. കുറ്റാരോപിതനായ വിദ്യാർഥിയുടെ ഫോട്ടോയും പേരും മറ്റുവിവരങ്ങളും ചേർത്തും പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്‌കൂൾ പരീക്ഷാകേന്ദ്രമായി രേഖപ്പെടുത്തി അയച്ചുകൊടുക്കുകയായിരുന്നെന്ന് ചോദ്യംചെയ്യലിൽ ഗ്രീഷ്‌മ സമ്മതിച്ചു. ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല.
വിദ്യാർഥി മാർത്തോമ സ്‌കൂളിൽ എത്തിയപ്പോഴാണ് ഇവിടെ പരീക്ഷാകേന്ദ്രം ഇല്ലെന്നറിഞ്ഞ് അടുത്തുള്ള തൈക്കാവ് സ്‌കൂളിലേക്ക് പോയത്. പാറശാലയിൽനിന്ന് വിദ്യാർഥി പത്തനംതിട്ടയിലെത്തി പരീക്ഷ എഴുതില്ലെന്നായിരുന്നു ഗ്രീഷ്‌മയുടെ വിശ്വാസം.
പത്തനംതിട്ട പൊലീസ് നെയ്യാറ്റിൻകരയിലെത്തി അക്ഷയ നടത്തിപ്പുകാരൻ സത്യദാസിനെ ചോദ്യംചെയ്തു. ഗ്രീഷ്‌മ ഇവിടെ ജോലിക്കെത്തിയിട്ട് നാല് മാസമായി. പൊലീസ് കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക് കസ്‌റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു.









0 comments