വ്യാജ ഡീസൽ ശൃംഖല: വ്യാപകമായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന


മിൽജിത്ത് രവീന്ദ്രൻ
Published on May 27, 2025, 12:58 PM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ഡീസൽ വിതരണ ശൃംഖലയ്ക്കെതിരെ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വ്യാപക പരിശോധന. ചൊവ്വ രാവിലെ മുതലാണ് ഓപ്പറേഷന്‍ ഫുവേഗോ മറീനോ എന്ന പേരില്‍ ജിഎസ്ടി ഇന്റലിജന്റസ് ആൻഡ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വ്യാജഡീസല്‍ ഉല്‍പ്പാദക വിതരണ കേന്ദ്രങ്ങളിലും ഇടനിലക്കാരുടെ വീടുകളിലും റെയ്ഡ് നടത്തുന്നത്.
ഇത്തരം വ്യാപാരം ശ്രദ്ധയില്‍പ്പെട്ട ഉടൻ ഇന്റലിജന്റ്‌സ് വിഭാഗം ഇവരുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയായിരുന്നു.ശൃംഖലയിലെ രഹസ്യങ്ങള്‍ അറിയാൻ ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥാപനങ്ങളിലും കടത്തുന്ന വാഹനങ്ങളിലും ജോലിക്കെന്ന രീതയിൽ കയറിപ്പറ്റിയാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് വിവരം. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഈ രാസവസ്തു മാര്‍ക്കറ്റ് വിലയെക്കാള്‍ കുറച്ചാണ് വില്‍ക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന കൊള്ളലാഭം കള്ളപ്പണമായി മറ്റ് മേഖലകളിലേക്ക് മാറ്റുന്നു എന്നും വിവരമുണ്ട്.
വ്യാജ ഡീസൽ ഉപയോഗിക്കുന്നത് വ്യാപകമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും വാഹനങ്ങളുടെ എന്‍ജിന്റെയും മറ്റ് യന്ത്രഭാഗങ്ങളുടെയും നാശത്തിനും കാരണമാകുന്നുണ്ട്. സംസ്ഥാന ഖജനാവിലേക്ക് വരുന്ന നികുതി വെട്ടിക്കുന്നു എന്നതിനപ്പുറം നിയമവിരുദ്ധമായ മറ്റു പല കാര്യങ്ങളും ഇതോടൊപ്പം ഉള്ളതായി സംശയിക്കുന്നുണ്ട്. ബോട്ടുകളിലേക്കും ക്വാറികളിലേക്കുമാണ് വ്യാജ ഡീസൽക്കടത്ത് നടക്കുന്നത്. നികുതി വലയ്ക്ക് പുറത്ത് നടക്കുന്ന ഈ ഇടപാടുകളില്‍ അന്തര്‍സംസ്ഥാന ബന്ധം ഉണ്ടോ എന്നും മറ്റേതെങ്കിലും മാഫിയാ സംഘങ്ങള്‍ ഇതിനൊപ്പം പ്രവർത്തനം നടത്തുന്നുണ്ടോ എന്നും ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.









0 comments