ഫാക്ടിനും കർഷകർക്കും കഷ്ടകാലം ; ഉൽപ്പാദനം കുറച്ചു, വില കൂട്ടി

കെ പി വേണു
Published on Jul 14, 2025, 01:45 AM | 1 min read
കളമശേരി
ഫാക്ടംഫോസിന്റെ ഉൽപ്പാദനം കുറച്ചും വില കൂട്ടിയും എഫ്‌എസിടി (ഫാക്ട്). പൊതുമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ഇറക്കുമതിനയവും വളം സബ്‌സിഡി വെട്ടിക്കുറച്ചതുമാണ് കർഷകർക്കും ഫാക്ടിനും ഒരുപോലെ തിരിച്ചടിയായത്.
ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ് എന്നിവയാണ് ഫാക്ടിൽ ഉൽപ്പാദിപ്പിക്കുന്ന പ്രധാന വളങ്ങൾ. ദക്ഷിണേന്ത്യയുടെ ജനപ്രിയ വളമായ ഫാക്ടംഫോസ് 50 കിലോയുടെ ബാഗിന് 1300 രൂപയായിരുന്നു. ഇത് അടുത്തിടെ 1425 രൂപയാക്കി ഉയർത്തി. ഉദ്യോഗമണ്ഡലിൽ ഫാക്ടംഫോസിന്റെ 300 ടൺ, 150 ടൺവീതം പ്രതിദിന ശേഷിയുള്ള രണ്ടു പ്ലാന്റുണ്ട്. ഇവയിൽ 150 ടൺ പ്ലാന്റുമാത്രമാണ് പ്രവർത്തിക്കുന്നത്. കൊച്ചിൻ ഡിവിഷനിൽ രണ്ടു പ്ലാന്റുകളിലായി 3000 ടൺവരെ ഉൽപ്പാദനശേഷിയുണ്ട്. എന്നാൽ, 1000 ടൺമാത്രമാണ് ഉൽപ്പാദനം.
അമോണിയം സൾഫേറ്റിന്റെ 50 കിലോയുടെ ബാഗിന് നേരത്തേ 925 രൂപയായിരുന്നു. സമീപകാലത്ത് 985 ആക്കി. 1050 ടണ്ണാണ് പരമാവധി പ്രതിദിന ഉൽപ്പാദനശേഷി.
ദക്ഷിണാഫ്രിക്കയിലെ കമ്പനികളിൽനിന്നാണ് ഫാക്ട് ഫാക്ടംഫോസ് ഉൽപ്പാദനത്തിലെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡ് വാങ്ങിയിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ നയങ്ങൾ വില്ലനായതോടെ ഇവർ പിൻവാങ്ങി. ചൈനയിൽനിന്ന് വില കുറച്ച് ഫോസ്ഫോറിക് ആസിഡ് ലഭിക്കും. എന്നാൽ, ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്കുണ്ട്. വിലക്ക് ബാധകമല്ലാത്ത സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുകയും വിൽപ്പന നടത്തുകയുമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഇവരിൽനിന്ന് ഉയർന്ന വില നൽകി ആസിഡ് വാങ്ങേണ്ട സ്ഥിതിയാണ്. ഇത് ഉൽപ്പാദനച്ചെലവ് ഉയരാൻ ഇടയാക്കുന്നു.









0 comments