ഇനി ഫാക്‌ടിന്റെ ബാഗ് , പയനിയറിന്റെ വളം ; കേന്ദ്രനയംമൂലം ഉൽപ്പാദന പ്രതിസന്ധി

കളമശേരി
സ്വകാര്യ കമ്പനിയുടെ വളം സ്വന്തം ബാഗിൽ നിറച്ച് വിൽക്കാൻ കരാറൊപ്പിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് . കോയമ്പത്തൂർ പയനിയർ ഫെർട്ടിലൈസേഴ്‌സ് ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ സൂപ്പർ ഫോസ്‌ഫേറ്റ് (എസ്എസ്‌പി) വളം ഇനി ഫാക്ടിന്റെ മുദ്ര പതിച്ച ബാഗിൽ മാർക്കറ്റിലെത്തും. രണ്ടുകമ്പനികളുംതമ്മിൽ കരാർ ഒപ്പിട്ടു.
കേന്ദ്രനയത്തിന്റെ ഭാഗമായി ഉൽപ്പാദന പ്രതിസന്ധി നേരിടുന്ന ഫാക്ട് വൻ തകർച്ചയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിൽനിന്ന് വളം വാങ്ങുന്നത്. ഇതോടെ ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ്, ഫാക്ട് എംഒപി, പിഎം പ്രണാം തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം ഫാക്ടിന്റെ ബാഗിൽ എസ്എസ്‌പി കൂടി വളംവിൽപ്പനശാലകളിൽനിന്ന് കർഷകർക്ക് ലഭ്യമാകും.
കേന്ദ്രത്തിന്റെ തെറ്റായ ഇറക്കുമതി നയങ്ങൾമൂലം ഫാക്ട് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്ത് വളം ദൗർലഭ്യത വർധിച്ചിട്ടും ഇറക്കുമതിനയം തിരുത്താത്തത് പൊതുമേഖലാ വളം നിർമാണശാലകളെ തകർച്ചയിലെത്തിച്ചു.അസംസ്കൃതവസ്തുക്കൾ ഇറക്കുമതി നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഫാക്ടംഫോസിന്റെ ഉൽപ്പാദനം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. വളത്തിന് വിലയും വൻതോതിൽ വർധിപ്പിച്ചു. എന്നാൽ, ചൈനപോലുള്ള രാജ്യങ്ങളിൽനിന്ന് അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ സ്വകാര്യമേഖലയ്ക്ക് വിലക്കില്ല. അവർ പൊതുമേഖലയിലെ പ്രതിസന്ധി മുതലെടുത്ത് വൻതോതിൽ ഇറക്കുമതി നടത്തുന്നു.
ഈ സാഹചര്യത്തിൽ മാർക്കറ്റിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമമെന്നനിലയിലാണ് ഫാക്‌ട്, സ്വകാര്യ കമ്പനിയിൽനിന്ന് വളം വാങ്ങി ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നത്. പയനിയറിന്റെ വളം വിൽപ്പനവഴി ടണ്ണിന് 1000 രൂപവരെ ഫാക്ടിന് ലാഭം കിട്ടുമെന്നാണ് കരുതുന്നത്. വാങ്ങുന്ന വളത്തിന്റെ വില സ്ഥാപനത്തിന് നൽകിയാൽ മതി. ഫാക്ട് അധികൃതരുടെ വാദം.









0 comments