ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുക്കൾ ഇന്ന് ഹാജരാക്കും

പിടികൂടിയ സ്ഫോടകവസ്തുക്കളിൽനിന്ന് (ഇടത്), അറസ്റ്റിലായ സുരേഷ്കുമാർ (വലത്)
പാലക്കാട്: കല്ലേക്കാട് പൊടിപ്പാറയിലെ ആർഎസ്എസ് പ്രവർത്തകൻ സുരേഷ്‌കുമാറിന്റെ (38) വീട്ടിൽനിന്ന് പിടികൂടിയ സ്‌ഫോടകവസ്തുശേഖരം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഇവ നിർവീര്യമാക്കാൻ ബോംബ് സ്‌ക്വാഡിന് കൈമാറാനുള്ള കോടതി ഉത്തരവ് ലഭിച്ചാൽ മാത്രമേ പൊലീസിന് തുടർ നടപടികളിലേക്ക് കടക്കാനാകൂ. നിലവിൽ ഇവ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയാണ്. തുടർന്ന് സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയശേഷം ഇവയിലുപയോഗിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കളുടെ സാമ്പിൾ ഫോറൻസിക് പരിശോധന നടത്തി ഫലം ലഭിച്ചാലേ ഏതുതരം വസ്തുവാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകൂ. ശേഷം വടക്കന്തറയിലെ ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പരിസരത്തുനിന്ന് ലഭിച്ച സ്ഫോടകവസ്തുക്കളിൽ ഉപയോഗിച്ചിട്ടുള്ളവയുമായി താരതമ്യം ചെയ്താൽ മാത്രമേ രണ്ടുസംഭവങ്ങളും ആസൂത്രണം ചെയ്തത് ഒരേ ആളുകളാണോ എന്ന് ഉറപ്പിക്കാൻ കഴിയൂ.
നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ സുരേഷ് കുമാർ, നൗഷാദ്, ഫാസിൽ എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയും തിങ്കളാഴ്ച ടൗൺ നോർത്ത് പൊലീസ് പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കും.









0 comments