ചോദ്യപേപ്പർ ചോർച്ച: അധ്യാപകർ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കോഴിക്കോട്: സ്കൂൾ പാദവാർഷിക പരീക്ഷയ്ക്കുള്ള ചോദ്യം ചോർന്ന സംഭവത്തിൽ റിമാൻഡിലായ പ്രതികൾ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. കൊടുവള്ളി എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകരായ തിരൂരങ്ങാടി സ്വദേശി കെ ഫഹദ്, പാവങ്ങാട് സ്വദേശി വി ജിഷ്‌ണു എന്നിവരെയാണ് താമരശേരി ജെഎഫ്‌സിഎം (ഒന്ന്) കോടതി കസ്റ്റഡിയിൽ വിട്ടത്.
കേസിൽ നിർണായക തെളിവുകൾ ലഭിക്കാൻ അധ്യാപകരായ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന ഇരുവരെയും വാവാട്ടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ പത്താം ക്ലാസ് അർധവാർഷിക പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യക്കടലാസിൽ 18 മുതൽ 26 വരെ എല്ലാ ചോദ്യങ്ങളും ഷുഹൈബ് പ്രവചിച്ചിരുന്നു. കെമിസ്ട്രി അധ്യാപകനായ ഷുഹൈബ് ഇംഗ്ലീഷ് പരീക്ഷ പ്രവചിച്ചതിൽനിന്ന് ചോദ്യപേപ്പർ ചോർച്ച വ്യക്തമാവുന്നതായി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായും സർക്കാർ ഉദ്യോഗസ്ഥരായ മറ്റ് പ്രതികളുടെ സഹായത്തോടെ ഷുഹൈബ് ഗൂഢാലോചന നടത്തിയെന്നും സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.









0 comments