അക്കാദമിക്‌ മാസ്‌റ്റർ പ്ലാനിൽ നിർദേശം

എല്ലാരും സ്‌കൂളിലേക്ക്‌

STUDENTS
avatar
ശീതൾ എം എ

Published on Jul 04, 2025, 03:18 PM | 1 min read

തിരുവനന്തപുരം : തുടർച്ചയായി സ്‌കൂളിൽ എത്താത്ത കുട്ടികളാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ തേടി അധ്യാപകർ വീട്ടിലെത്തും. സ്‌കൂളിൽ വരാത്തതിന്റെ കാരണം കണ്ടെത്തി അതിന്‌ പരിഹാരം കാണും. ആവശ്യമെങ്കിൽ പഠന പിന്തുണയും നൽകും. തീരദേശ,​ഗോത്ര,തോട്ടം മേഖലയിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ്‌ ‘മുങ്ങുന്ന’ കുട്ടികളെ കണ്ടെത്തുന്നത്‌. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം അക്കാദമിക്‌ മാസ്‌റ്റർ പ്ലാനിന്റെ കരട്‌ റിപ്പോർട്ടിൽ ഇതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി. ഇതോടെ സീറോ കൊഴിഞ്ഞുപോക്കെന്ന എന്ന ലക്ഷ്യം കേരളത്തിൽ യാഥാർഥ്യമാകും.


ഏറ്റവും കൂടുതൽ കുട്ടികൾ സ്‌കൂളിലെത്തുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം. വെറും 0.04 ശതമാനം മാത്രമാണ്‌ കേരളത്തിൽ കൊഴിഞ്ഞുപോക്ക്‌. എൽപിയിൽ 0.03, യുപിയിൽ 0.02, ഹൈസ്‌കൂളിൽ 0.05 ശതമാനം. എന്നാൽ ഉത്തർപ്രദേശിൽ പ്രൈമറി വിഭാഗത്തിൽ 14 ശതമാനവും സെക്കന്ററി വിഭാഗത്തിൽ 31 ശതമാനവും ആണ്‌ കൊഴിഞ്ഞുപോക്ക്‌. കേരളത്തിലെ കൊഴിഞ്ഞുപോക്കിൽ 0.04 ശതമാനം എസ്‌സി വിഭാഗത്തിലും 0.30 ശതമനം എസ്‌ടി വിഭാഗത്തിലും 0.03 ശതമാനം മറ്റ്‌ വിഭാഗത്തിലുമാണ്‌.


പുതിയ നിർദേശം നടപ്പിലാകുന്നതോടെ ഈ മേഖലകളിലെ കൊഴിഞ്ഞുപോക്ക്‌ പൂർണമായും ഇല്ലാതാക്കാനാകും. നേരത്തെ നിലമ്പൂർ, അട്ടപ്പാടി, ഇടുക്കി ഇടമലക്കുടി തുടങ്ങിയ ആദിവാസി മേഖലകളിൽ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. ‘പഠിപ്പുറസ്സി’, ‘എങ്കെ എങ്കെ കൂട്ടം’ തുടങ്ങി ഗോത്രഭാഷയിലും സംസ്‌കാരത്തിലും പ്രത്യേക പാാഠ്യപദ്ധതിയുമുണ്ടാക്കി. ഇത്തരം പദ്ധതികളുടെ തുടർച്ചയായാണ്‌ തീരദേശം ഉൾപ്പെടെയുള്ള മേഖലകളിലേക്ക്‌ കൂടി സമാന രീതി കൊണ്ടുവരുന്നത്‌.


മത നിരപേക്ഷതയും ലിംഗാവബോധവും ഇതോടൊപ്പം കുട്ടികളുടെ ശാരീരിക- മാനസിക- വൈകാരിക തലങ്ങളെ കണ്ടുള്ള അക്കാദമിക ആസൂത്രണവും വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. മതനിരപേക്ഷത, സഹവർത്തിത്വം, സഹകരണം, അനുതാപം, സംഘബോധം, ലിം​ഗാവബോധം, തുല്യത, സമഭാവന, ശാസ്ത്രബോധം, അരുതായ്മകൾക്കെതിരെ നിലകൊള്ളുന്ന ബോധം തുടങ്ങിയ ജനാധിപത്യ-മതനിരപേക്ഷ സമൂഹത്തിന് അനിവാര്യമായ മൂല്യബോധവും പഠനത്തിലൂടെ ഉണ്ടാകാനാവശ്യമായ പ്രവർത്തനങ്ങൾ അക്കാദമിക വികസനരേഖയിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home