വൈദ്യുത വാഹന ചാർജിങ്‌ ആപ്‌: ദീർഘദൂര യാത്രക്കാർക്ക്‌ സേവനങ്ങൾ വിരൽത്തുമ്പിൽ

anert ev charging
avatar
സ്വന്തം ലേഖിക

Published on Jul 04, 2025, 11:25 AM | 1 min read

തിരുവനന്തപുരം: വൈദ്യുത വാഹനവുമായി ദീർഘദൂരം യാത്ര ചെയ്യുന്നവർക്ക്‌ വാഹനം വഴിയിൽ നിന്നുപോകുമോയെന്ന ആശങ്ക വേണ്ട. ഫാസ്റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ എവിടെയൊക്കെയുണ്ടെന്നും അടുത്തുള്ള ചാർജിങ്‌ സ്‌റ്റേഷന്‌ ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടോയെന്നും നമുക്ക് ആവശ്യമുള്ള തരത്തിലും ശേഷിയിലുമുള്ള മെഷീനുകൾ ഉണ്ടോയെന്നും സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ്‌ അറിയാം. വൈദ്യുത വാഹന ഉപയോക്താക്കൾക്കായി അനർട്ട്‌ വികസിപ്പിച്ച ഇസി ഫോർ ഇവി ( EZ4EV) ആപ്ലിക്കേഷനിലാണ്‌ നിരവധി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയത്‌. ഇതിന്റെ ട്രയൽ റൺ സംസ്ഥാനത്തെ 18 ചാർജിങ്‌ സ്‌റ്റേഷനുകളിൽ നടക്കുകയാണ്‌.


പബ്ലിക് വൈദ്യുത വാഹന ചാർജിങ്‌ സ്റ്റേഷനുകളിൽ വിവിധ തരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. ഇതിന്‌ സ്വകാര്യ ഏജൻസികൾ ഭീമമായ സർവീസ് ചാർജാണ് ഈടാക്കുന്നത്. കൂടാതെ വിവിധതരം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനു ഇലക്ട്രിക്‌ കാർ ഉടമകൾക്ക് ഓരോ മൊബൈൽ ആപ്ലിക്കേഷന്റെയും വാലെറ്റിൽ തുകയും നിക്ഷേപിക്കണം. ഇതൊനൊക്കെ പരിഹാരമായാണ്‌ അനർട്ട്‌ ഇസി ഫോർ ഇവി ആപ്ലക്കേഷൻ അവതരിപ്പിച്ചത്‌.


വാലെറ്റിൽ തുകയുണ്ടെങ്കിൽ ചാർജിങ്‌ മെഷീന്റെ ഗൺ കാറിൽ കണക്ട്‌ ചെയ്യുമ്പോൾത്തന്നെ ഓട്ടോമാറ്റിക്കായി ചാർജ്‌ ചെയ്യാനാവുന്ന സംവിധാനവും വാഹനങ്ങളുടെ ബാറ്ററി എത്ര ശതമാനമായെന്ന്‌ അറിയാനും വിവിധ തരത്തിലുള്ള താരിഫ് ഈടാക്കാൻ കഴിയുന്ന ഡിഫറന്റ്‌ താരിഫ്‌ ഫോർ സോളാർ ആൻഡ്‌ നോൺ സോളാർ അവേഴ്‌സ്‌ സംവിധാനവും ആപ്പിൽ ലഭ്യമാണ്‌. പൂർണമായും സൗജന്യമായാണ് സേവനം. വാഹന ഉടമകൾക്ക് മൊബൈൽ ആപ്ലിക്കേഷന്റെയും ചാർജിങ്‌ മെഷീന്റെയും തത്സമയ സംശയനിവാരണം നടത്താനും ആപ്ലിക്കേഷൻ സംബന്ധിച്ച അഭിപ്രായം അറിയിക്കാനും 24മണിക്കൂറും പ്രാദേശിക ഭാഷയിൽ കസ്റ്റമർ കെയർ സേവനവുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home