കോഴിക്കോടും ചെന്നൈയിലും പരിശോധന
എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; നിർമ്മാതാവിന്റെ ഓഫീസുകളിൽ ഇ ഡി റെയിഡ്

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇതോടൊപ്പം കോഴിക്കോട് കോർപ്പറേറ്റ് ഓഫീസിലും റെയിഡിനായി ഉദ്യോഗസ്ഥർ എത്തി.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയും പ്രതിപക്ഷ നേതാക്കളെയും ഇ ഡി തുടങ്ങി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവായിരിക്കയാണ്. ഗുജറാത്ത് കലാപത്തിൽ ആർഎസ്എസ് സംഘപരിവാർ ക്രൂരതകളെ വീണ്ടും ചർച്ചകളിൽ എത്തിച്ച എമ്പുരാൻ എന്ന സിനിമ നിർമ്മിച്ചതിൽ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്.
സമ്മർദ്ദങ്ങളെ തുടർന്ന് സിനിമ പുനർസെൻസറിങ്ങിന് വിധേയമാക്കേണ്ടി വന്നു. 24 വെട്ടുകളാണ് എമ്പുരാനിൽ നടത്തിയത്. നേരത്തെ തന്നെ ഗോകുലം ഗോപാലൻ നിർമാതാവ് എന്ന നിലയ്ക്ക് മാത്രമാണ് തന്റെ ബന്ധമെന്ന് പ്രതികരിച്ചിരുന്നു. സെൻസറിങിന് ശേഷം സിനിമ വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോഴാണ് റെയിഡ്. സിനിമയുമായി സഹകരിച്ചവരെയെല്ലാം സമ്മർദ്ദത്തിലാക്കുന്ന നീക്കമാണ്.
കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും പരിശോധന നടത്തി. ഇഡിയുടെ കൊച്ചി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന്‍ ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം തീരാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
വൈകീട്ട് മൂന്നുമണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. ശേഷം ഉദ്യോഗസ്ഥര്‍ ഇവിടെനിന്ന് മടങ്ങി. കൊച്ചിയില്‍നിന്നെത്തിയ ഇഡി സംഘം അവിടേക്ക് തന്നെയാണ് മടങ്ങുന്നതെന്നാണ് വിവരം. ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടർന്നു.
നേരത്തെ ഗോകുലം ഗോപാലന്റെ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളെല്ലാം വർഷങ്ങൾക്ക് മുമ്പ് ഫയൽ ചെയ്തവയാണ്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക വെട്ടിപ്പ് ഉൾപ്പെടെയുള്ള പരാതികളാണ് പരിശോധിച്ച്ത. ഈ കേസുകളിൽ ഗോകുലം ഗോപാലനെ അന്ന് കൊച്ചി ഇ.ഡി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എമ്പുരാനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കെയാണ് ഗോകുലത്തിന്റെ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്.
ഗുജറാത്ത് കലാപം പോലെ സംഘപരിവാർ സംഘടനകൾ ആർ എസ് എസ് നേതൃത്വത്തിൽ നടത്തുന്ന എല്ലാ ക്രൂതകളെയും വർഗ്ഗീയ വിഭാഗീയ പ്രവർത്തനങ്ങളെയും മൂടിവെക്കുക. അത് പുറത്തെത്തിക്കുന്നവരെയും കലാസാംസ്കാരിക പ്രവർത്തകരെയും നിശ്ശബ്ദരാക്കുക എന്ന തന്ത്രമാണ് ഉപയോഗിക്കുന്നത്. ഇനിയും രഹസ്യങ്ങൾ പുറത്തു വരുന്നത് തടയുക എന്ന ലക്ഷ്യവും ഇതിലൂടെ നടപ്പാക്കിയെടുക്കുന്നു. ഇതിനെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന കടുത്ത വിമർശനമാണ് ഉയരുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ റെയ്ഡ് തുടരുകയാണ്. കൊച്ചി യൂണീറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.









0 comments