ഇടമലക്കുടിയിൽ ഉൾപ്പെടെ ഗോത്രവിഭാഗക്കാർക്ക് അടിയന്തര ഗതാഗത സൗകര്യം ഒരുക്കുന്നു: മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: ഇടമലക്കുടി പോലുള്ളയിടങ്ങളിലെ ഗോത്രവിഭാഗക്കാർക്ക് അടിയന്തര ഗതാഗത സൗകര്യം ഒരുക്കുന്നുവെന്ന് പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വിഭാഗക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയിൽ അറിയിച്ചു. ഇടമലക്കുടിയിൽ ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള അൻവർ സാദത്ത് എം എൽ എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇടമലക്കുടിയുടെ ഭൂമിശാസ്ത്രപരമായ ദുർഘടത കാരണം കൂടലാർകുടിയിൽ നിന്നും പ്രധാന റോഡിലേക്ക് എത്തുന്നതിന് നിലവിൽ വനപാത മാത്രമാണുള്ളത്. കൂടലാർകൂടിയിൽ നിന്നും വനപാതയിലൂടെ സഞ്ചരിച്ച് ആനക്കുളത്ത് എത്തിയാൽ മാത്രമേ ഇവർക്ക് മാങ്കുളം വഴി അടിമാലിയിൽ എത്താൻ സാധിക്കൂ. ഈ പ്രദേശത്തേക്ക് റോഡുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇതിതിനായി വനം വകുപ്പിൽ നിന്നും അനുമതി ലഭ്യമാകേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇടമലക്കുടി പോലെയുള്ള ദുർഘട പ്രദേശങ്ങളിൽ ഉള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളിൽ വകുപ്പ് ശ്രദ്ധ നൽകി വരുന്നുണ്ട്. ഓണക്കാലത്ത് കല്ലാർകുടി ഭാഗത്ത് പനിബാധ ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇടമലക്കുടിയുടെ ഭൂമിശാസ്ത്രപരമായ ദുർഘടത മനസിലാക്കി വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
ഇടമലക്കുടിയിലേക്ക് ആദ്യ ഘട്ടം റോഡ് പെട്ടിമുടി മുതൽ ഇഡലിപ്പാറവരെയുള്ള 7 കിലോമീറ്റർ റോഡ് രാജമല പെട്ടിമുടിയിൽ നിന്നും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. റോഡ് നിർമ്മാണം 4.7 കിലോമീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ദൂരം കൂടി പൂർത്തിയായാൽ രണ്ടാം ഘട്ടമായ ഇഡലിപ്പാറ-സൊസൈറ്റിക്കുടി വരെയുള്ള റോഡ് നിർമ്മാണം ആരംഭിക്കാൻ സാധിക്കും. മറ്റ് കുടികളിലേക്കുള്ള റോഡുകൾ കൂടി നിർമ്മിച്ചാൽ പൂർണമായും ഇടമലക്കുടിയിലേക്കുള്ള പരിഹരിക്കുന്നതിന് സാധിക്കും. ഇതോടെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.








0 comments