എൽസ്‌റ്റൺ കമ്പനി സർക്കാരിന് നൽകാനുള്ള കുടിശ്ശിക പിടിച്ചുവയ്‌ക്കണം ; ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി

കൊച്ചി
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് മാതൃക ടൗൺഷിപ് നിർമിക്കാൻ ഏറ്റെടുത്ത എൽസ്റ്റൺ ടീ എസ്റ്റേറ്റിന്റെ മാനേജ്മെന്റ് സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും 22.25 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനുപുറമെ, വിവിധയിനങ്ങളിലെ പലിശയുൾപ്പെടെ അഞ്ചുകോടി രൂപകൂടി വരും. ഈ തുക കിഴിച്ചുമാത്രമേ ഭൂമിക്ക് നഷ്ടപരിഹാരമായി കോടതി നിർദേശപ്രകാരം ഉപാധികളോടെ സർക്കാർ കെട്ടിവച്ച 43.78 കോടിയിൽനിന്ന് പിൻവലിക്കാൻ എൽസ്റ്റൺ കമ്പനിയെ അനുവദിക്കാവൂവെന്നും വയനാട് കലക്ടർ ഡി ആർ മേഘശ്രീ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ സർക്കാരിന് അനുകൂലമായ ഉത്തരവുണ്ടായാൽ മുഴുവൻ തുകയും തിരികെക്കിട്ടാനുള്ള ഗ്യാരന്റി കോടതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ കെട്ടിവച്ച തുക പിൻവലിക്കാൻ അനുമതി തേടി എൽസ്റ്റൺ നൽകിയ ഉപഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
കോടതി നിർദേശപ്രകാരം രണ്ടുഘട്ടമായി 43.78 കോടി രൂപ കോടതിയിൽ കെട്ടിവച്ചശേഷമാണ് മാതൃക ടൗൺഷിപ്പിന് സ്ഥലമേറ്റെടുത്ത് സർക്കാർ നടപടികൾ ആരംഭിച്ചത്. പിന്നീട് ഇൗ തുക മതിയാകില്ലെന്നുകാണിച്ച് 56.10 ലക്ഷംകൂടി ആവശ്യപ്പെട്ട് എൽസ്‌റ്റൺ ഇടക്കാല ഹർജിയും നൽകി.
ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ വിധിക്ക് വിധേയമായാണ് തുക പിൻവലിക്കാൻ കോടതി അനുവദിച്ചിട്ടുള്ളതെന്ന് സർക്കാർ സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
കുടിശ്ശിക ഈടാക്കാൻ 0.4047 ഹെക്ടർ ഭൂമി സർക്കാർ ജപ്തി ചെയ്തിരുന്നു. എസ്റ്റേറ്റിലെ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ട കുടിശ്ശികയടക്കമാണ് സർക്കാരിന് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിന്റെ റിക്കവറി നടപടി തുടങ്ങിയിട്ടുണ്ട്.
എസ്റ്റേറ്റ് അടച്ചുപൂട്ടിയതിനാൽ ശേഷിക്കുന്ന സേവനകാലയളവിന്റെ ഓരോ വർഷത്തേയും 15 ദിവസത്തെ വേതനം നഷ്ടപരിഹാരമായി തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഇതും പരിഗണിക്കേണ്ടതുണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും.









0 comments