തൃശൂർ പൂരത്തിനിടയിൽ ആനകൾ വിരണ്ടോടി: 20ഓളം പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ പൂരത്തിനിടയിൽ രാത്രി രണ്ട് ആനകൾ വിരണ്ട് ഓടി. തിരുവമ്പാടിയുടെ രാത്രി എഴുന്നിള്ളിപ്പിനിടെയായിരുന്നു സംഭവം. ബഹളത്തിനിടയിൽ രക്ഷപെടാനായുള്ള തിരക്കിൽ അകപ്പെട്ട് ഇരുപതോളം പേർക്ക് പരിക്കേറ്റു.
എഴുന്നിള്ളിപ്പ് സിഎംഎസ് സ്‌കൂളിന് മുന്നിൽ എത്തിയപ്പോഴാണ് ഊട്ടോളി രാമൻ എന്ന ആന ഓടിയത്. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന വട്ടപ്പൻകാവ് മണികണ്ഠൻ എന്ന ആനയും ഓടി. എങ്കിലും മണികണ്ഠനെ സിഎംഎസ് സ്‌കൂളിന് മുന്നിൽ വച്ചു തന്നെ തളച്ചു. എംജി റോഡിലെ പാണ്ടിസമൂഹം റോഡിലേക്കാണ് ഊട്ടോളി രാമൻ ഓടിയത്.
ബഹളത്തെ തുടർന്ന് രക്ഷപ്പെടാനായി ഓടിയ 20ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ആനയെ തളച്ചശേഷം ഇവരെ സുരക്ഷിതമായി നിലത്തിറക്കി.
സംഭവം അറിഞ്ഞ് മന്ത്രി കെ രാജനും കലക്ടർ ആർജുൻ പാണ്ഡ്യനും ആശുപത്രിയിലെത്തി. മന്ത്രി രാജൻ നേരിട്ട് കൺട്രോൾ റൂമിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു.









0 comments