കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് അപകടം; എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് റിപ്പോർട്ട്

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞപ്പോൾ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായതായി അന്വേഷണ റിപ്പോർട്ട്. ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തി വനം മന്ത്രി എ കെ ശശീന്ദ്രന് റിപ്പോർട്ട് കൈമാറി. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലാണ് ഇന്നലെ ആന ഇടഞ്ഞ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഉത്സവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്നാണ് റിപ്പോർട്ട്. പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് ആനയ്ക്ക് ചങ്ങല ഇട്ടിരുന്നില്ല. തുടർച്ചയായ വെടിക്കെട്ടിലാണ് ആന പ്രകോപിതനായതെന്നുമാണ് വനം വകുപ്പ് റിപ്പോർട്ട്.
അപകടത്തിൽ നടപടി എടുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. വെടിക്കെട്ട് നടത്തിയത് അശ്രദ്ധമായാണ്. കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ആനയുടെ ഉടമകളും ക്ഷേത്രം ഭാരവാഹികളും പ്രതികളാകുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ പടക്കം പൊട്ടിച്ചത് നാട്ടുകാരാണെന്നും അതുമായി ബന്ധമില്ല എന്നുമാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. ചട്ടം ലംഘിച്ചിട്ടില്ല. ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി കതിന പൊട്ടിക്കുകയാണ് ചെയ്തത്. കേസെടുത്താൽ നിയമപരമായി നേരിടുമെന്നും ക്ഷേത്ര ട്രസ്റ്റി ചെയർമാൻ എൽ ജി ഷെനിത് പറഞ്ഞു.
പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ആന മറിഞ്ഞുവീണ ഓഫീസിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ കാരണമായി. പിതാംബരൻ, ഗോഗുൽ എന്നീ ആനകളാണ് വിരണ്ടത്. ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് പേർ മരിച്ചത്. മുപ്പതിലധികം പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.








0 comments