'അമ്മ'യിൽ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്; അഡ്‌ഹോക് കമ്മിറ്റി തുടരും

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴില്ലെന്നറിയിച്ച് മോഹൻലാൽ. വരുന്ന മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായാണ് യോഗം അവസാനിച്ചത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും.
ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവച്ച സാഹചര്യത്തിലാണ് സംഘടനയുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 'അമ്മ' നേതൃത്വത്തിലേക്ക് മോൻലാൽ വരണം എന്ന് അഭിപ്രായം സംഘടനയ്ക്കുള്ളിലുണ്ടായിരുന്നു. എന്നാൽ എല്ലാവരുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകാം എന്ന മോഹൻലാലിന്റെ നിലപാടിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യപിക്കുന്നത്. എറണാകുളത്തെ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന 31-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടന തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന്, മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. പത്തുമാസമായി അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽബോഡിയിൽ ഇടവേള ബാബുവിന് പകരക്കാരനായാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ മത്സരത്തിൽ തോൽപ്പിച്ചാണ് സിദ്ദിഖ് സ്ഥാനമേറ്റത്.
എന്നാൽ, രണ്ടുമാസത്തിനുശേഷം ഹേമ കമ്മിറ്റി വിവാദങ്ങളുടെ ഭാഗമായി സിദ്ദിഖിനെതിരെ നടി ലൈംഗികപീഡനം ആരോപിച്ചതോടെയായിരുന്നു രാജി. പിന്നാലെ മോഹൻലാലും 16 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ചെങ്കിലും ഇവർ അഡ്‌ഹോക് കമ്മിറ്റിയായി തുടർന്നു. രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് പിന്നീട് പറഞ്ഞതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത് വിവാദമായി.
വനിതാ അംഗങ്ങളും ജഗദീഷ് ഉൾപ്പെടെ ഒരുവിഭാഗവും താരങ്ങൾക്കെതിരെ രംഗത്തുവന്നതും 'അമ്മ'യെ സമ്മർദത്തിലാക്കി.'അമ്മ'യുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്നുവർഷംവരെ തുടരാം. ജനറൽബോഡി തീരുമാനമുണ്ടെങ്കിൽ അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.
0 comments