രാത്രിയിൽ കിണറ്റിൽ വീണു; മോട്ടോർ പൈപ്പിൽ പിടിച്ചുകിടന്നത് 4 മണിക്കൂർ: വയോധികയ്ക്ക് അത്ഭുതകരമായ രക്ഷ

woman fell on well
വെബ് ഡെസ്ക്

Published on Jun 11, 2025, 10:17 AM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ കിണറ്റിൽ വീണ വയോധികയ്ക്ക് അത്ഭുതകരമായ രക്ഷ. പത്തനംതിട്ട തട്ട മാമ്മൂട് കുടമുക്ക് വേലം പറമ്പിൽ ശാന്ത (87) ആണ് രക്ഷപെട്ടത്. രാത്രിയിൽ കിണറ്റിൽ വീണ ശാന്ത 4 മണിക്കൂറോളം മോട്ടോർ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ശാന്തയെ പുറത്തെത്തിച്ചത്.


ഇവരുടെ വീട്ടുമുറ്റത്തുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് ശാന്ത വീണത്. അമ്പതടി താഴ്ചയുള്ള കിണറ്റിൽ 15 അടിയോളം വെള്ളമുണ്ട്. രാത്രിയിൽ പുറത്തിറങ്ങിയ ശാന്ത കാൽതെറ്റി വീണതാണെന്നാണ് പ്രാഥമിക നി​ഗമനം. വെള്ളത്തിൽ താഴ്ന്നുപോകാതെ ശാന്ത മോട്ടറിന്റെ പൈപ്പിൽ പിടിച്ച് കിടക്കുകയായിരുന്നു. ഏക​ദേശം നാല് മണിക്കൂറോളം ഇങ്ങനെ പൈപ്പിൽ പിടിച്ചുകിടന്നു.


പുലർച്ചെ ഉണർന്ന വീട്ടുകാർ വാതിൽ തുറന്നുകിടക്കുന്നതു കണ്ട് മുറി പരിശോധിച്ചതിൽ മുറിക്കുള്ളിൽ ആളെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണനിലയിൽ കണ്ടത്. സംഭവം അറിഞ്ഞ് പുലർച്ചെ നാലോടെയാണ് നാട്ടുകാർ ഫയർഫോഴ്സിനെ വിളിക്കുന്നത്. അടൂരിൽ നിന്നും ഏഴം​ഗ ഫയർഫോഴ്സ് സംഘമെത്തിയാണ് ശാന്തയെ പുറത്തെത്തിച്ചത്. കഠിനമായ ശ്രമത്തിനൊടുവിൽ ഒരു മണിക്കൂറോളമെടുത്താണ് ശാന്തയെ പുറത്തെത്തിച്ചത്. വെള്ളമുള്ള കിണറായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നു. ഇവരുടെ ആ​രോ​ഗ്യ നിലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.





deshabhimani section

Related News

View More
0 comments
Sort by

Home