മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു: രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് : വെള്ളയിൽ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് ഫൈബർ വള്ളം മറിഞ്ഞ് വയോധികൻ മരിച്ചു. വെള്ളയിൽ നാലുകുടിപറമ്പിൽ ഹംസക്കോയ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയകടവ് നാലുകുടിപറമ്പ് ഷമീർ, കല്ലായി മുഖദാറിൽ പീടികക്കകത്ത് അഷ്‌റഫ് എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളയിൽ സ്വദേശി എൻ പി സലാമിന്റെ ഫൈബർവള്ളമാണ് അപകടത്തിൽ പെട്ടത്. ചൊവ്വ രാവിലെ എട്ടരയോടെയാണ് സംഭവം.
പുലർച്ചെ അഞ്ചുമണിയോടെ വെള്ളയിൽ ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയതായിരുന്നു. ഹാർബറിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെ മീൻപിടിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ കടൽക്ഷോഭത്തെത്തുടർന്ന് ജോലി മതിയാക്കി തിരികെ വരികയായിരുന്നു മൂന്നുപേരടങ്ങുന്ന സംഘം. പെട്ടെന്ന് കടൽക്ഷോഭം രൂക്ഷമായി വള്ളം കീഴ്‌മേൽ മറിയുകയുമായിരുന്നു. ശക്തമായ തിരയിൽപെട്ട് ഹംസക്കോയ മുങ്ങിപോയി. മീൻപിടിച്ചുകൊണ്ടിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നുപേരെയും കരയ്ക്കെത്തിച്ചത്. എന്നാൽ കരയിലേക്കെത്തിക്കുന്നതിന് മുമ്പ് തന്നെ ഹംസക്കോയ മരിച്ചിരുന്നു. വള്ളം ഹാർബറിന്റെ കല്ലുകളിലിടിച്ച് പൂർണ്ണമായും തകർന്നു. കോഴിക്കോട് ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ച ഷമീറിനെയും അഷ്‌റഫിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹംസക്കോയയുടെ മൃതദേഹം ബീച്ച് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുനൽകും.









0 comments